ന്യൂഡൽഹി: മുതിർന്ന നേതാവ് കപിൽ സിബലിന് പിന്തുണ അറിയിച്ച് ശശി തരൂർ എംപി. കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച കപിൽ സിബലിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ശശി തരൂർ അദ്ദേഹത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. കപിൽ സിബലിനെതിരായ പ്രതിഷേധം ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. കപിൽ സിബലിന്റെ അഭിപ്രായത്തോട് വിയോജിപ്പുണ്ടായാലും അദ്ദേഹത്തെ കേൾക്കാൻ തയാറാകണമെന്ന് തരൂർ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതു ലജ്ജാകരമാണ്. കപിൽ സിബൽ യഥാർഥ കോൺഗ്രസുകാരനാണെന്നു നമുക്കെല്ലാം അറിയാം. ഇന്ത്യൻ നാഷനൽ കോൺഗ്രസിനായി കോടതിയിൽ ഒട്ടേറെ കേസുകൾ വാദിച്ചിട്ടുള്ള ആളാണ് അദ്ദേഹം. ഒരു ജനാധിപത്യ പാർട്ടി എന്ന നിലയിൽ അദ്ദേഹത്തിനു പറയാനുള്ളത് എന്താണെന്നു നാം കേൾക്കണം. ആവശ്യമെങ്കിൽ അതിനോടു വിയോജിക്കാം. പക്ഷേ ഇങ്ങനെയല്ല വേണ്ടതെന്നും ബിജെപിയെ നേരിടുന്നതിനായി നമ്മെ കൂടുതൽ കരുത്തുറ്റതാക്കുകയാണു വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് കപിൽ സിബൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. പ്രസിഡന്റ് ഇല്ലാതെ പാർട്ടി മുന്നോട്ടു പോകുന്നത് തുടരുകയാണെന്നും ആരാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് ആർക്കും അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
തങ്ങളുടെ പാർട്ടിയിൽ പ്രസിഡന്റ് ഇല്ല. അതുകൊണ്ടു തന്നെ ആരാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് തങ്ങൾക്ക് അറിയുകയില്ല. ഞങ്ങൾക്കറിയാം, എന്നാലും അറിയില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആരെയും പേരെടുത്തു പറഞ്ഞായിരുന്നില്ല, സിബലിന്റെ വിമർശനം. പഞ്ചാബ് വിഷയത്തിൽ തീരുമാനം കൈക്കൊണ്ട കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധിയെയും ഉദ്ദേശിച്ചായിരുന്നു സിബലിന്റെ പരാമർശങ്ങളെന്നാണ് റിപ്പോർട്ട്. തങ്ങൾ ഗ്രൂപ്പ് 23 ആണെന്നും അല്ലാതെ ‘ജി ഹുസൂർ-23’ (ശരി അങ്ങുന്നേ) അല്ലെന്നും കബിൽ സിബൽ വ്യക്തമാക്കിയിരുന്നു.

