കൊച്ചി: മോൺസൻ മാവുങ്കലിന്റെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യാജരേഖകളും വ്യാജമായി തയ്യാറാക്കിയ, പുരാവസ്തുക്കളോട് സാമ്യമുള്ള ഉത്പന്നങ്ങളും ഉപയോഗിച്ച് അതിസമർത്ഥമായാണ് മോൺസൺ ഇടപാടുകൾ നടത്തിയതെന്നാണ് കണ്ടെത്തൽ. പ്രമുഖർക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പ്രയോജനപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമടക്കമുള്ളവർ അറിഞ്ഞോ അറിയാതെയോ തട്ടിപ്പിൽ പങ്കാളികളായിട്ടുണ്ട്.
റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന, കോടികൾ വിലമതിക്കുന്ന രാസപദാർഥം മോൺസന്റെ കൈവശം വിൽപ്പനയ്ക്കായി ഉണ്ടെന്നു പറഞ്ഞ് ഡി.ആർ.ഡി.ഒ. സയന്റിസ്റ്റ് നൽകിയ രേഖ, കേരള പോലീസ് ഡി.ജി.പി. ഒപ്പിട്ട് തന്റെ വസ്തുക്കൾക്ക് ഏർപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങളുടെ രേഖ തുടങ്ങിയവയൊക്കെ പ്രദർശിപ്പിച്ചാണ് മോൺസൻ ഇടപാടുകൾ നടത്തിയത്. ബാങ്ക് ഇടപാടുകളുടെയും ആർ.ബി.ഐ., കേന്ദ്ര ധനമന്ത്രാലയം, എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് തുടങ്ങിയവയുടെയും വ്യാജ രേഖകളും വരെ ഇയാളുടെ പക്കലുണ്ടായിരുന്നു.
കൈവശമുള്ള പുരാവസ്തുക്കൾ എന്ന പറയുന്നവയിൽ ഭൂരിഭാഗവും സിനിമാ ചിത്രീകരണത്തിന് സാധനങ്ങൾ വാടകയ്ക്ക് നൽകുന്ന, എറണാകുളം സ്വദേശിയായ സന്തോഷിൽ നിന്നാണ് മോൺസൻ വാങ്ങിയത്. മട്ടാഞ്ചേരിയിലുള്ള പുരാവസ്തു ഷോപ്പുകളിൽ നിന്നും ഇത്തരം സാധനങ്ങൾ ഇയാൾ വാങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തെ ആശാരിയെക്കൊണ്ടും ചില സാധനങ്ങൾ നിർമ്മിച്ചെടുത്തു.
പ്രവാസി മലയാളി ഫെഡറേഷൻ സംഘടനയെ ദുരുപയോഗം ചെയ്ത് പോസ്റ്ററുകളും തയ്യാറാക്കുകയും പ്രവാസി മലയാളി ഫെഡറേഷന്റെ പേരിൽ ‘പ്രവാസി പുരസ്കാരം മുഖ്യമന്ത്രിക്ക്’ എന്ന് പോസ്റ്റർ ഇറക്കി. പോസ്റ്ററിൽ മോൺസൺ തന്റെ കമ്പനിയുടെ പേര് ഉൾപ്പെടുത്തി പ്രചരിപ്പിക്കുകയും ചെയ്തു. തൃശ്ശൂർ സ്വദേശിയുമായി ചേർന്ന് ഖത്തറിൽ പുരാവസ്തു മ്യൂസിയത്തിലേക്ക് 15,000 കോടി രൂപയുടെ 93 വസ്തുക്കൾ വാങ്ങാൻ പദ്ധതിയിട്ടുവെന്ന പേരിലാണ് പുതിയ തട്ടിപ്പ് മോൺസൻ ആവിഷ്ക്കരിച്ചത്. എന്നാൽ ഇത് നടപ്പിലാക്കുന്നതിന് മുൻപ് തന്നെ മോൺസന് പിടിവീണു.
മോൺസണിനെതിരേ രണ്ടുവർഷമായി പരാതികൾ ഉണ്ടായിരുന്നെങ്കിലും പോലീസ് ബന്ധത്തിൽ ഇതെല്ലാം പരിഹരിക്കപ്പെടുകയായിരുന്നുവെന്ന ആരോപണം ഉയരുന്നുണ്ട്. വാഹനത്തട്ടിപ്പു കേസിലടക്കം ഇയാൾക്കു സഹായകരമായ നിലപാടുകളാണ് പോലീസ് സ്വീകരിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ആഡംബര വാഹന ഇടപാടിൽ മോൺസൺ കോടതിയെ സമീപിച്ചതിനെത്തുടർന്നുണ്ടായ അന്വേഷണത്തിലാണ് കാരവൻ അടക്കമുള്ള 21 വാഹനങ്ങൾ 2020-ൽ പോലീസ് പിടിച്ചെടുത്തത്. നടപടികൾ പൂർത്തിയാകാതെ ഈ വാഹനങ്ങൾ ചേർത്തല സ്റ്റേഷനു സമീപം കിടന്നുനശിക്കുകയാണ്. മോൺസനെതിരെ പരാതികളുയർത്തുന്നവരെ പോലീസ് ഇടപെട്ടു ഒതുക്കിയിരുന്നതായും പരാതികളുണ്ട്.

