വാഷിംഗ്ടൺ: കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ വെച്ചാണ് അദ്ദേഹം വാക്സിന്റെ മൂന്നാം ഡോസ് സ്വീകരിച്ചത്. വാക്സിൻ സ്വീകരിക്കാത്തവർ നാടിന് നാശമുണ്ടാക്കുമെന്ന് അദ്ദേഹം ബൂസ്റ്റർ ഡോസ് സ്വീകരിച്ച ശേഷം പ്രതികരിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അമേരിക്കയിൽ ബൂസ്റ്റർ ഡോസുകൾക്ക് അനുമതി ലഭിച്ചത്. ആദ്യഘട്ടത്തിൽ 65 വയസോ അതിന് മുകളിൽ പ്രായമുള്ളതോ ആയ ആളുകൾക്ക് മൂന്നാം ഡോസ് വാക്സിൻ നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. തന്നെ കണ്ടാൽ പറയില്ലെങ്കിലും തനിക്ക് 65 വയസിന് മുകളിൽ പ്രായമുണ്ടെന്നും തമാശയായി അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നിർദ്ദേശിച്ചിരിക്കുന്ന പ്രായത്തിന് പുറമേ ഗുരുതരമായ ആരോഗ്യപ്രശ്നമുള്ള ആളുകൾക്കും വൈറസ് ബാധിതരുമായി അടുത്ത് ഇടപഴകുന്ന ആളുകൾക്കും വാക്സിന്റെ മൂന്നാം ഡോസിന് അധികൃതർ അനുമതി നൽകി.
ഡിസംബർ 21 നാണ് ബൈഡൻ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. മൂന്നാഴ്ച്ചയ്ക്ക് ശേഷം ജനുവരി 11 ന് രണ്ടാമത്തെ ഡോസും അദ്ദേഹം സ്വീകരിച്ചു. ഭാര്യ ജിൽ ബൈഡനും വാക്സിൻ സ്വീകരിച്ചിരുന്നു. ജിൽ ബൈഡനും ബൂസ്റ്റർ ഡോസ് നൽകുമെന്നും അധികൃതർ അറിയിച്ചു.
അമേരിക്കയിലെ ജനസംഖ്യയുടെ 77 ശതമാനത്തോളം ആളുകളാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. വാക്സിനെടുക്കാൻ അവശേഷിക്കുന്നവരുടെ വാക്സിനേഷൻ ഉടൻ നടത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

