കോട്ടയം: കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് 365 ദിവസത്തിനിടെ രജിസ്റ്റർ ചെയ്തത് 316 കേസുകൾ. 345 പേർ അറസ്റ്റിലാകുകയും 33.89 കിലോഗ്രാം കഞ്ചാവ് പിടികൂടുകയും ചെയ്തു. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കഞ്ചാവ് എത്തുന്നത്. കമ്പം, തേനി പ്രദേശങ്ങളിൽ നിന്നു കുമളി വഴിയാണ് കഞ്ചാവെത്തുന്നത്. ആൾപ്പാർപ്പില്ലാത്ത കാട്ടുവഴികളിലൂടെ വരുന്നതിനാൽ ചെക്ക് പോസ്റ്റിനെ കുറിച്ച് ഭയക്കേണ്ടതില്ല.
ട്രെയിനുകളിലൂടെയും ബസുകളിലൂടെയും മയക്കുമരുന്ന് കടത്താറുണ്ട്. കോട്ടയം ജില്ലയിൽ മാഞ്ഞൂർ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, ചങ്ങനാശേരി, എരുമേലി മേഖലകൾ കേന്ദ്രീകരിച്ചാണ് ജില്ലയിൽ കൂടുതൽ വിൽപന നടത്തുന്നത്. കഞ്ചാവുമായി പിടിക്കപ്പെടുന്നവരിൽ കൂടുതലും യുവാക്കളാണ്. അയൽ സംസ്ഥാനങ്ങളിൽ പഠിക്കാനായി പോയവരും ഇതിൽ ഉൾപ്പെടന്നുണ്ട്. ലഹരിക്കൊപ്പം പണവും ലഭിക്കുന്നതിനാലാണ് കഞ്ചാവ് കടത്തലേക്ക് യുവാക്കൾ എത്തുന്നത്. .
ഓൺലൈനായും ഇപ്പോൾ കഞ്ചാവ് വിൽപ്പന നടത്താറുണ്ട് ഡിജിറ്റൽ സംവിധാനങ്ങളിലൂടെ തുക കൈമാറിയ ശേഷം സാധനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം അറിയിക്കും. ആവശ്യക്കാരൻ നേരിട്ടുപോയി എടുക്കുകയും ചെയ്യും. പിടിക്കപ്പെട്ടാൽ വാങ്ങിയ ആളിന് വിൽപനക്കാരനെക്കുറിച്ച് ഒരു വിവരവും നൽകാൻ കഴിയില്ലെന്നതാണ് ഈ രീതിയുടെ പ്രചാരകം വർധിക്കാൻ കാരണം.

