ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഓണ്‍ലൈന്‍ ഗെയിമുകള്‍ ചൂതാട്ടത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ, കേരള ഗെയിമിങ് ആക്ടിന്റെ പരിധിയില്‍ ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. എന്നാല്‍ ഓണ്‍ലൈന്‍ ഗെയിമിങിനെ നിയമവിരുദ്ധ ഗെയിമുകളില്‍ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ വ്യക്തമാക്കി.

വിവിധ സുപ്രീം കോടതി വിധികള്‍ ചൂണ്ടികാണിച്ചാണ് ഹൈക്കോടതി കമ്പനികളുടെ ഹര്‍ജി അനുവദിച്ചത്. ഓണ്‍ലൈന്‍ റമ്മി കളിച്ചത് വഴി പണം നഷ്ടപ്പെട്ട് ആളുകള്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നായിരുന്നു നിരോധനമേര്‍പ്പെടുത്തിയതെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല. ഓണ്‍ലൈന്‍ ഗെയ്മിങ് കമ്പനികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.