മോൻസൺ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് 2020 ൽ ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു; നിർണായക വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മോൻസൺ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് 2020 ൽ തന്നെ ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നതായുള്ള വിവരമാണ് പുറത്തു വരുന്നത്. ഇക്കാര്യം വ്യക്തമാക്കി ഇന്റലിജൻസ് അന്നത്തെ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹറയും എഡിജിപി ആയിരുന്ന മനോജ് എബ്രഹാമും മോൻസണിന്റെ വീട്ടിൽ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് ഇന്റലിജൻസ് രഹസ്യാന്വേഷണത്തിന് സ്പെഷ്യൽ ബ്രാഞ്ചിന് നിർദ്ദേശം നൽകിയത്. ഈ അന്വേഷണ റിപ്പോർട്ടാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്.

മോൻസണിന്റെ ഇടപാടുകളിൽ വലിയ ദുരൂഹതയുണ്ടെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഉന്നതരുമായി ഇയാൾക്കുള്ള ബന്ധത്തെക്കുറിച്ചും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. പുരാവസ്തുക്കളാണ് ഇയാളുടെ പ്രധാന ബിസിനസെന്നും ഇതിന്റെ വില്പനയ്ക്കും കൈമാറ്റത്തിനും മറ്റും കൃത്യമായ ലൈസൻസ് ഉണ്ടോ എന്നത് സംശയമാണെന്നും രഹസ്യാന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വിദേശത്തടക്കം ഇയാൾക്ക് സാമ്പത്തിക ഇടപാടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി എൻഫോഴ്സമെന്റിനോട് അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. എന്നാൽ തുടർനടപടികൾ ഉണ്ടായോ എന്ന കാര്യം വ്യക്തമല്ല. അന്വേഷണം നടക്കാത്തതിന് പിന്നിൽ മോൻസണിന്റെ ഇടപെടൽ ഉണ്ടായിരുന്നോവെന്ന സംശയമാണ് നിലവിൽ ഉയരുന്നത്.