ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; എല്ലാ ഇന്ത്യക്കാർക്കും ഡിജിറ്റൽ ആരോഗ്യ ഐഡി സംവിധാനം നൽകും

ന്യൂഡൽഹി: എല്ലാ പൗരന്മാർക്കും ഡിജിറ്റൽ ആരോഗ്യ ഐഡി കാർഡുകൾ നൽകുന്ന ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതിയുടെ ഭാഗമായി എല്ലാ ഇന്ത്യക്കാർക്കും ഡിജിറ്റൽ ആരോഗ്യ ഐഡി സംവിധാനം നൽകുമെന്ന് പദ്ധതിയുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി പറഞ്ഞു.

ഏറ്റവും ആധുനികമായ ചികിത്സാ സഹായം എല്ലാ ഇന്ത്യൻ പൗരന്മാർക്കും വിരൽത്തുമ്പിൽ ലഭ്യമാക്കുക എന്നതാണ് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതി. രാജ്യത്തെ ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങളെയെല്ലാം ബന്ധിപ്പിക്കാൻ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ സഹായിക്കുമെന്നും ഡിജിറ്റൽ ആരോഗ്യ സംവിധാനത്തിൽ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പ്രധാന പങ്കു വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി പ്രകാരം എല്ലാ ഇന്ത്യക്കാർക്കും ഡിജിറ്റൽ ആരോഗ്യ ഐഡി ലഭ്യമാകുമെന്നും എല്ലാ പൗരന്മാരുടെയും ആരോഗ്യം സംബന്ധിച്ച രേഖകൾ സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ പദ്ധതി വഴി ആളുകൾക്ക് അവരുടെ ആരോഗ്യ വിവരങ്ങൾ അറിയാൻ സാധിക്കും. ഇത്തരം വിവരങ്ങൾ പരിശോധിക്കാനോ കൈമാറ്റം ചെയ്യാനോ ആളുകളുടെ അനുമതിയും ആവശ്യമാണ്. ഇടത്തരക്കാരുടെയും പാവപ്പട്ടവരുടെയും ചികിത്സാരംഗത്തെ പ്രശ്‌നങ്ങളില്ലാതാക്കാൻ പദ്ധതി പ്രധാന പങ്കുവഹിക്കും. രാജ്യത്തെ ആരോഗ്യ മേഖലയിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ അതു കൊണ്ടുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

130 കോടി ആധാർ തിരിച്ചറിയൽ രേഖകൾ, 118 കോടി മൊബൈൽ ഉപയോക്താക്കൾ, ഇൻറർനെറ്റ് ഉപയോഗിക്കുന്ന 80 കോടി പേർ, 43 കോടി ജൻധൻ ബാങ്ക് അക്കൗണ്ടുകൾ ഇത്രയും വിപുലവും പരസ്പരബന്ധിതവുമായ അടിസ്ഥാന സംവിധാനം ലോകത്ത് മറ്റെവിടെയുമാണ്ടാവില്ല. റേഷൻ മുതൽ ഭരണസംവിധാനം വരെ ഇത്രയും ബൃഹത്തായ ഡിജിറ്റൽ സംവിധാനം ഓരോ ഇന്ത്യക്കാരനും സുതാര്യമായി ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.