വി എം സുധീരന്റെ പരാതി എന്താണെന്ന് അറിയില്ല; ഏക ഛത്രപതി ഭരണം പാർട്ടിയിൽ ഉണ്ടാകില്ലെന്ന് കെ സുധാകരൻ

കൊല്ലം: രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള വി എം സുധീരന്റെ രാജിയിൽ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. വി എം സുധീരന്റെ പരാതി എന്താണെന്ന് അറിയില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കി. രാജി വച്ചുകൊണ്ടുള്ള കത്ത് കെപിസിസിക്ക് കൈമാറിയിട്ടുണ്ട്. കത്തിലെ ഉള്ളടക്കം അറിയില്ലെന്നും നാളെ പരിശോധിക്കുമെന്നുമാണ് കെ സുധാകരൻ അറിയിച്ചിരിക്കുന്നത്.

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടുണ്ടെന്നും രണ്ട് തവണ വി എം സുധീരനെ വിളിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സുധീരനെ വീട്ടിൽ പോയി കണ്ടിരുന്നു. പാർട്ടിയിൽ കൂടിയാലോചന നടക്കാറുണ്ട്. പലരും എത്താറില്ല എന്നതാണ് പ്രശ്‌നമെന്ന് അദ്ദേഹം വിശദീകരിച്ചു. തങ്ങളുടെ ഭാഗത്ത് നിന്നുമുള്ള പിഴവ് കൊണ്ടാണ് രാജി എന്ന് കരുതുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഴയത് പോലെ ഏക ഛത്രപതി ഭരണം പാർട്ടിയിൽ ഉണ്ടാകില്ല. ഘടനമാറ്റം പാർട്ടി പ്രവർത്തകർ നെഞ്ചേറ്റി കഴിഞ്ഞു. ഘടനമാറ്റം വേണ്ടെന്ന് ആരും അഭിപ്രായം പറഞ്ഞില്ല. ഏത് നേതാക്കൾക്കും പേര് നിർദേശിക്കാം. കഴിവുള്ളവരെ തിരഞ്ഞെടുക്കുമെന്നും ഗ്രൂപ്പല്ല പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സുധീരൻ രാജി വച്ചത് ശരിയായ നടപടിയല്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. വി എം സുധീരന്റെ രാജി നിർഭാഗ്യകരമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം രാഷ്ട്രീയ കാര്യ സമിതിയിൽ വേണമെന്ന് ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. സിപിഎമ്മിനെതിരെ ഉമ്മൻചാണ്ടി രൂക്ഷ വിമർശനവും ഉന്നയിച്ചു. നേട്ടത്തിന് വേണ്ടി ആരുമായും കൂട് കൂടുമെന്ന മനോഭാവമാണ് സിപിഎമ്മിനുള്ളതെന്നും ഇതാണ് കോട്ടയം നഗരസഭയിൽ നടന്നതെന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം.