തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുത് എന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് വിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. വ്യവസായികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും, വ്യവസായികള്‍ക്ക് എല്ലാ സൗകര്യവും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. നോക്കുകൂലി ഒരു കാരണവശാലും അനുവദിക്കില്ലെന്നും, ചവറ സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ല. ശ്രദ്ധയില്‍പെട്ടാല്‍ ആവശ്യമായ നടപടി എടുക്കുമെന്നും വി ശിവന്‍കുട്ടി പ്രതികരിച്ചു.
കൊല്ലം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു വ്യവസായിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സിപിഎം രക്തസാക്ഷി സ്മാരക നിര്‍മ്മാണത്തിന് പണം നല്‍കിയില്ലെങ്കില്‍ വ്യവസായ സ്ഥാപനത്തിന് മുന്നില്‍ കൊടികുത്തുമെന്നായിരുന്നു ഭീഷണി. പാര്‍ട്ടിക്ക് രക്തസാക്ഷി സ്മാരകം പണിയാന്‍ പതിനായിരം രൂപ തരണം. അല്ലെങ്കില്‍ 10 കോടി ചെലവിട്ട് നിര്‍മ്മിച്ച കണ്വെന്ഷന് സെന്ററിന് മുന്നില്‍ പാര്‍ട്ടി കൊടി കുത്തുമെന്നാണ് ബിജു, വ്യവസായി ഷാഹി വിജയനെ ഭീഷണിപ്പെടുത്തിയത്. സിപിഎം നേതാവിന്റെ ഭീഷണിക്ക് പിന്നാലെ വില്ലേജ് ഓഫീസര്‍ കണ്വെന്ഷന് സെന്ററിലെത്തി ഭൂമി പരിശോധനയും നടത്തി.
സംഭവം വിവാദമായെങ്കിലും ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി വേണ്ടെന്നാണ് സിപിഎം തീരുമാനം. നിലം നികത്താന്‍ സഹായം ചെയ്യാത്തതിന്റെ പേരില്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
അതേസമയം, വ്യവസായി ഷാഹി വിജയന് മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

