ഒരു മന്ത്രിയെ വിമർശിക്കാൻ ആവകാശമില്ലാത്ത നാടായി മാറിയിരിക്കുകയാണ് കേരളം; വീണാ ജോർജിനെ അപമാനിച്ചിട്ടില്ലെന്ന് പി സി ജോർജ്

കൊച്ചി: ആരോഗ്യ മന്ത്രിയ്‌ക്കെതിരെ വിമർശനം നടത്തിയതിന് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി പി സി ജോർജ്. ഒരു മന്ത്രിയെ വിമർശിക്കാൻ ആവകാശമില്ലാത്ത നാടായി മാറിയിരിക്കുകയാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. തന്നെ എങ്ങനെയെങ്കിലും കേസിൽപെടുത്തി ജയിലിലടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന കേസെന്നും വീണാ ജോർജ്ജിനെ ഒരു തരത്തിലും അപമാനിച്ചിട്ടില്ലെന്നും പി സി ജോർജ് വിശദമാക്കി. ഒരു സ്ത്രീ എന്ന ബഹുമാനത്തോടെയാണ് സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം കണ്ട ഏറ്റവും കഴിവുകെട്ട മന്ത്രിയാണ് വീണാ ജോർജ്ജ് എന്ന് പറഞ്ഞിരുന്നു. അതിൽ എന്താണ് ഇത്ര കുറ്റം. സത്യസന്ധമായ കാര്യമല്ലേ പറഞ്ഞത്. കഴിവുകെട്ടത് എന്ന് പറഞ്ഞാൽ അവരുടെ ചാരിത്രം നഷ്ടപ്പെടുമോയെന്ന് പിസി ജോർജ് ചോദിച്ചു. കോവിഡ് പടർന്നു പിടിക്കുമ്പോൾ അത് തടയാനോ എല്ലാവർക്കും വാക്‌സിൻ നൽകാനോ കഴിയാത്ത മന്ത്രി കഴിവു കെട്ടവരല്ലെ. അത് തുറന്ന് പറഞ്ഞതാണ് ഇപ്പോൾ കുഴപ്പമായിരിക്കുന്നതെന്നും പി സി ജോർജ് ചോദിക്കുന്നു. ഒരു ഓൺലൈൻ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു മന്ത്രിയെ വിമർശിച്ചതിന് കേസെടുത്ത പൊലീസുകാരനെ വെറുതെ വിടില്ല. പൊലീസ് ഉദ്യോഗസ്ഥനെതിരെ നിയമനടപടിയുമായി ഏതറ്റം വരെയും പോകും. ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ വീണാ ജോർജ് വലിയ വീഴ്ച്ച വരുത്തിയിട്ടുണ്ട്. ഒരു സമയത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് കേരളത്തിലായിരുന്നു. കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണ് രോഗികൾ വർദ്ധിക്കാൻ കാരണമെന്ന് അദ്ദേഹം ആരോപിച്ചു. വകുപ്പിന്റെ വീഴ്ചയ്ക്ക് കാരണം വകുപ്പ് മന്ത്രിയുടെ കഴിവുകേടാണ്. കേരളത്തിൽ തന്നെ പത്തനംതിട്ടയിലായിരുന്നു കൂടുതൽ രോഗികൾ. മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ പോലും രോഗികൾ കൂടിയിട്ടും അതു തടയാൻ കഴിഞ്ഞില്ലെന്നും പിന്നെ എങ്ങനെ കേരളത്തിൽ മുഴുവനും പ്രതിരോധം തീർക്കുമെന്നും പിസി ജോർജ് ചോദിച്ചു.

കോവിഡ് മരണത്തിലും ആരോഗ്യ വകുപ്പ് മന്ത്രി കള്ളക്കളി നടത്തിയിട്ടുണ്ട്. മരണ സംഖ്യയുടെ യഥാർത്ഥ കണക്കെടുക്കുമ്‌ബോൾ ഏഴായിരത്തോളം പേരുടെ മരണം കൂടി പുറത്തു വരുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തിൽ ഇതു പോലെ നാണംകെട്ട ഒരു സർക്കാരുണ്ടായിട്ടില്ല. കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ തിരഞ്ഞെടുപ്പ് നടത്തരുതെന്ന് താൻ പറഞ്ഞതാണ്. എന്നാൽ അതു വകവയ്ക്കാതെ നടത്തി. അതുകൊണ്ട് രോഗികളുടെ എണ്ണം കുതിച്ചു കയറി. ഇതോക്കെ തുറന്നു പറയുമ്പോൾ സ്വാഭാവികമായും തോന്നുന്ന വൈരാഗ്യമാണ് തനിക്കെതിരെയുള്ള ഈ നീക്കം. അത് എന്ത് വിലകൊടുത്തും നേരിടുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.