നിയമസഭാ കയ്യാങ്കളി കേസ്; അക്രമ ദൃശ്യങ്ങൾ വ്യാജമാണെന്ന പ്രതികളുടെ വാദത്തിനെതിരെ പരിഹാസവുമായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികളായ ഇടത് നേതാക്കളുടെ വാദത്തിനെതിരെ പരിഹാസവുമായി വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2015 ലെ ബജറ്റ് ദിനത്തിൽ നിയമസഭയിൽ സ്പീക്കറുടെ കസേര മറിച്ചിടുന്നതും കമ്പ്യൂട്ടർ തകർക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ വ്യാജമാണെന്ന പ്രതികളുടെ വാദത്തിനെതിരെയാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത്. എല്ലാവരും തത്സമയം കണ്ട ഗുണ്ടായിസം വ്യാജമാണെന്ന് അവകാശപ്പെടണമെങ്കിൽ നിങ്ങൾക്ക് വല്ലാത്ത കട്ടിയുള്ള ചർമ്മമുണ്ടായിരിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികളുടെ വാദത്തെ കുറിച്ച് വിശദമാക്കുന്ന മലയാള മനോരമ പത്രത്തിലെ വാർത്ത ഷെയർ ചെയ്തു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നിയമസഭയിൽ നടന്നത് അതിക്രമം ആയിരുന്നില്ലെന്നും വാച്ച് ആൻഡ് വാർഡായി വന്ന പോലീസുകാരാണ് അതിക്രമം കാണിച്ചതെന്നുമായിരുന്നു കഴിഞ്ഞ ദിവസം പ്രതികൾ ചീഫ് മജിസ്ട്രേട്ട് കോടതിയിൽ വ്യക്തമാക്കിയത്. അവർ സംഘർഷം ഉണ്ടാക്കിയപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. 21 മന്ത്രിമാർ ഉൾപ്പെടെ 140 എംഎൽഎമാരും നിയമസഭയിൽ ഉണ്ടായിരുന്നു. എന്നാൽ അവരാരും കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് സാക്ഷികളായില്ല. പകരം പോലീസുകാർ മാത്രമാണ് സാക്ഷികളായത്. അക്രമവുമായി ബന്ധപ്പെട്ട് ദൃശ്യമാദ്ധ്യമങ്ങളിലടക്കം പ്രചരിപ്പിച്ച ദൃശ്യങ്ങൾ യഥാർഥമല്ലെന്നും പ്രതികൾ കോടതിയിൽ വാദിച്ചിരുന്നു. വിടുതൽ ഹർജിയിൽ വാദം കേൾക്കവേയാണ് കേസിലെ പ്രതികൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. നിയമസഭ കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നീ ആറ് പ്രതികളാണ് വിടുതൽ ഹർജി നൽകിയിരുന്നത്.

ഇലക്ടോണിക് പാനൽ നശിപ്പിച്ചു എന്നതാണ് മന്ത്രി വി. ശിവൻകുട്ടിക്ക് എതിരെ ചുമത്തിയിരുന്ന കുറ്റം. എന്നാൽ പിന്നീട് നടന്ന പരിശോധനയിൽ ഈ ഇലക്ട്രോണിക് പാനലിന് കേടുപാടില്ലെന്ന് കണ്ടെത്തിയെന്നും പിന്നെ എങ്ങനെയാണ് ശിവൻകുട്ടിക്ക് എതിരെ കേസ് ചാർജ് ചെയ്യുകയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു.

അതേസമയം വിടുതൽ ഹർജിയെ സർക്കാർ അഭിഭാഷകൻ എതിർത്തു. നിയമപരമായി കുറ്റകരമാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതികൾ നിയമസഭയിൽ അതിക്രമം കാണിച്ചതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം തെളിഞ്ഞതാണെന്നും. പ്രതികളുടെ പ്രവർത്തി നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട ഉത്തരവ് അടുത്ത മാസം ഏഴിന് പ്രസ്താവിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.