സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും ധൂർത്ത് തുടർന്ന് സർക്കാർ; മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് ജോലിക്കായി നാല് ആഢംബര കാറുകൾ വാങ്ങുന്നു

കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും സംസ്ഥാന സർക്കാർ ധൂർത്ത് തുടരുന്നു. മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് ജോലിക്കായി നാല് ആഢംബര കാറുകളാണ് വാങ്ങുന്നത്. പ്രത്യേക കേസായി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് കാറുകൾ വാങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. പഴക്കം ചെന്ന രണ്ട് കാറുകൾ മാറ്റണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ലക്ഷങ്ങൾ മുടക്കി നാല് കാറുകൾ വാങ്ങാൻ അനുമതി നൽകിയത്.

മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് ജോലിക്കായി ഉപയോഗിക്കുന്ന രണ്ട് ഇന്നവോ ക്രിസ്റ്റ കാറുകൾ മാറ്റി പുതിയത് വാങ്ങണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മെയ് 29 നാണ് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് കത്ത് സമർപ്പിച്ചത്. ഈ വാഹനങ്ങളുടെ കാര്യക്ഷമത കുറഞ്ഞതിനാൽ പകരം പുതിയ കാറുകൾ വാങ്ങാൻ അനുവദിക്കണമെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്.

ഇത് പരിഗണിച്ച ശേഷം ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നാല് ലക്ഷ്യറി കാറുകൾ വാങ്ങുന്നതിന് അനുമതി നൽകികൊണ്ടുള്ള ഉത്തരവിറക്കി. മൂന്ന് ഇന്നോവ ക്രീസ്റ്റയും ഒരു ടാറ്റാ ഹാരിയറും വാങ്ങാനുള്ള അനുമതി നൽകുന്നുവെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. 62.43 ലക്ഷം രൂപ ഇതിനായി വിനിയോഗിക്കാമെന്നും ഉത്തരവിൽ വിശദമാക്കുന്നു.

ഒന്നര ലക്ഷം കിലോമീറ്റർ ഓടി കഴിഞ്ഞാൽ വാഹനങ്ങളുടെ കാര്യക്ഷമത കുറയുമെന്നാണ് ആഭ്യന്തര വകുപ്പിലെ ഉന്നതർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. പൈലറ്റ് എക്‌സ്‌കോർട്ട് സർവീസിന് കാര്യക്ഷമത കുറഞ്ഞ വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയില്ലെന്നും ഈ സാഹചര്യത്തിലാണ് പുതിയ കാറുകൾ വാങ്ങുന്നതെന്നും ഉന്നത വൃത്തങ്ങൾ പറയുന്നു. പുതുതായി വാങ്ങുന്നവയിൽ രണ്ട് വാഹനങ്ങൾ ടൂറിസം വകുപ്പിന് വേണ്ടി ഉപയോഗിക്കുമെന്നും അടിയന്തര സാഹചര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ആവശ്യത്തിനായി ഈ വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്നും ആഭ്യന്തര വകുപ്പ് വിശദമാക്കിയിട്ടുണ്ട്.