അബുദാബി: ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒമ്പത് വിക്കറ്റിന് തകര്‍ത്തു. വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്രേ റസെലിന്റെയും ബോളിങ് മികവില്‍ 92 റണ്ണിന് ബാംഗ്ലൂര്‍ പുറത്തായി. വരുണും റസെലും മൂന്നുവീതം വിക്കറ്റ് നേടി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിരാട് കോഹ്ലിക്കും സംഘത്തിനും കൊല്‍ക്കത്തയുടെ തകര്‍പ്പന്‍ ബോളിങ് നിരയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഓപ്പണര്‍ ദേവ്ദത്ത് പടിക്കലാണ് (20 പന്തില്‍ 22) ബാംഗ്ലൂരിന്റെ ടോപ്‌സ്‌കോറര്‍. മലയാളിതാരം സച്ചിന്‍ ബേബി, കെ എസ് ഭരത്, വാനിന്ദു ഹസരങ്ക എന്നിവരെ ഉള്‍പ്പെടുത്തിയാണ് അവര്‍ എത്തിയത്. ബാംഗ്ലൂര്‍ കുപ്പായത്തില്‍ 200-ാം മത്സരത്തിനിറങ്ങിയ കോഹ്ലി (5) പ്രസീദ് കൃഷ്ണയ്ക്കുമുന്നില്‍ കുരുങ്ങി. ദേവ്ദത്തിനെ ലോക്കി ഫെര്‍ഗൂസണും മടക്കി.
ആദ്യ ഓവര്‍ എറിയാനെത്തിയ റസെലാണ് ബാംഗ്ലൂരിന്റെ അടിത്തറ തകര്‍ത്തത്. ഭരതിനെ (19 പന്തില്‍ 16) ആദ്യപന്തില്‍ മടക്കിയ വിന്‍ഡീസുകാരന്‍ നാലാംപന്തില്‍ എ ബി ഡി വില്ലിയേഴ്‌സിന്റെ (0) വിക്കറ്റും നേടി. നേരിട്ട ആദ്യപന്തില്‍ വിശ്വസ്തനായ ഡി വില്ലിയേഴ്‌സ് മടങ്ങിയത് ബാംഗ്ലൂരിന്റെ തകര്‍ച്ച ഉറപ്പിച്ചു. വരുണാവട്ടെ ഗ്ലെന്‍ മാക്‌സ്വെല്ലിനെയും (17 പന്തില്‍ 10) ഹസരങ്കയെയും (0) തൊട്ടടുത്ത പന്തുകളില്‍ മടക്കി വലംകൈയന്‍ സ്പിന്നര്‍ ഹാട്രിക്കിനടുത്തെത്തി. 17 പന്തില്‍ 7 റണ്ണെടുത്ത സച്ചിനെയും വരുണ്‍ മടക്കി.
മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്ത പത്തോവര്‍ ബാക്കിനില്‍ക്കെ ജയം നേടി. ശുഭ്മാന്‍ ഗില്‍ (34 പന്തില്‍ 48), അരങ്ങേറ്റക്കാരന്‍ വെങ്കിടേഷ് അയ്യര്‍ (27 പന്തില്‍ 41) എന്നിവര്‍ മികച്ച സ്‌കോര്‍ നേടി.

