ന്യൂഡൽഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം വർധിച്ചു വരികയാണ്. എണ്ണ വില വർധിക്കാൻ തുടങ്ങിയതോടെയാണ് ജനങ്ങൾ ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് ചിന്തിക്കാൻ ആരംഭിച്ചത്. ഇലക്ട്രിക് വാഹനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകളിലെല്ലാം വെല്ലുവിളിയായി കണക്കാക്കുന്നത് ചാർജ്ജിംഗ് പോയിന്റുകൾ രാജ്യത്ത് വിപുലീകരിക്കേണ്ട ആവശ്യകതയെ കുറിച്ചാണ്. ഇതിനൊരു മാർഗവുമായി എത്തിയിരിക്കുകയാണ് കേന്ദ്രം.
രാജ്യത്ത് വിവിധ ഇടങ്ങളിലായി ഇലക്ട്രിക് ഹൈവേകൾ നിർമ്മിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. വാഹനങ്ങൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ തന്നെ ബാറ്ററികൾ ചാർജാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണിത്. വഴിയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർത്തിയിട്ട് ചാർജ് ചെയ്യുമ്പോൾ യാത്രക്കാർക്കുണ്ടാവുന്ന സമയ നഷ്ടവും ഇതിലൂടെ പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡൽഹിയിൽ നിന്നും രാജസ്ഥാനിലെ ജയ്പൂരിനെ ബന്ധിപ്പിക്കുന്ന 200 കിലോമീറ്റർ നീളമുള്ള ഇലക്ട്രിക് ഹൈവേ നിർമ്മിക്കുവാനാണ് ഇപ്പോൾ കേന്ദ്രം ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച ചില വിവരങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പങ്കുവച്ചു. ഇലക്ട്രിക് ഹൈവേ തന്റെ സ്വപ്ന പദ്ധതിയാണെന്നാണ് ഗഡ്കരി അറിയിച്ചിട്ടുള്ളത്.
ഇലക്ട്രിക് ഹൈവേയിലൂടെ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ റോഡിലുള്ള കേബുളുമായി വാഹനത്തിന്റെ ചാർജ് പോയിന്റ് ബന്ധിപ്പിച്ചാണ് ചാർജ് ചെയ്യുന്നത്. വിദേശ രാജ്യങ്ങളിൽ ട്രക്കുകൾക്കായുള്ള ഇത്തരം പാതകൾ നിലവിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ റോഡിനരികിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോമാഗ്നെറ്റിക് സാങ്കേതികവിദ്യയിലൂടെ വാഹനങ്ങൾ ചാർജ് ചെയ്യുന്ന ആധുനിക രീതിയാവും ഇലക്ട്രിക് ഹൈവേകളിൽ കൂടുതൽ ഉപയോഗപ്രദമാവുക. നിലവിൽ ജർമ്മനിയിലും സ്വീഡനിലും ഇലക്ട്രിക് ഹൈവേകൾ ഉപയോഗത്തിലുണ്ട്. ഇലക്ട്രിക് ഹൈവേയുമായി ബന്ധപ്പെട്ട് ഒരു വിദേശ കമ്പനിയുമായി ചർച്ച നടത്തി കഴിഞ്ഞുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇലക്ട്രിക് ഹൈവേയുടെ നിർമ്മാണം ജൂലൈ പകുതിയോടെ ആരംഭിക്കുമെന്നാണ് വിവരം.

