ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ബദല്‍ രാഹുല്‍ ഗാന്ധിയല്ലെന്നും മമതാ ബാനര്‍ജിയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ മുഖപത്രമായ ജോഗോ ബംഗ്ലയില്‍ വന്ന ലേഖനത്തിലാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയിരിക്കുന്നത്.
രാഹുല്‍ ഗാന്ധി തികച്ചും പരാജയമാണെന്നും, മോദിയ്ക്ക് ബദലായി ഉയര്‍ന്നുവരാന്‍ രാഹുലിന് ഒരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും വിജയിച്ചില്ലെന്നും ലേഖനത്തില്‍ പറയുന്നു. രാജ്യം ഇപ്പോള്‍ മമതയ്ക്ക് വേണ്ടിയാണ് മുറവിളി ഉയര്‍ത്തുന്നത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായി ആലോചിച്ച് അക്കാര്യം തീരുമാനിക്കും. മോദിയ്ക്ക് ബദല്‍ മമത എന്ന പ്രചാരണ പരിപാടി രാജ്യവ്യാപകമായി തുടങ്ങുമെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം, മുഖപത്രത്തിലെ വിമര്‍ശനങ്ങളില്‍ മമത ബാനര്‍ജിക്കെതിരെ ശക്തമായി തിരിച്ചടിച്ച് പശ്ചിമബംഗാള്‍ പിസിസി അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി രംഗത്ത് വന്നു. മമത ബാനര്‍ജിക്ക് അധികാരക്കൊതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മമത ബാനര്‍ജിയുടെ ഉന്നം പ്രധാനമന്ത്രി കസേരയാണ്. മറ്റ് പാര്‍ട്ടികളെ അപമാനിക്കുന്ന നിലപാടാണ് അവരുടേതെന്നും മുഖപത്രത്തില്‍ മമത തന്നെയാണ് എഴുതിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

