ന്യൂഡൽഹി: യൂട്യൂബ് വഴി തനിക്ക് ലഭിക്കുന്ന വരുമാനം വെളിപ്പെടുത്തി കേന്ദ്ര റോഡ്-ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. മാസം തോറും നാലു ലക്ഷം രൂപയാണ് അദ്ദേഹത്തിന് യൂട്യൂബ് വഴി റോയൽറ്റിയായി ലഭിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം ആളുകളുടെ സോഷ്യൽ മീഡിയ ഉപയോഗം വർധിച്ചുവെന്നും ഈ സമയത്ത് താൻ ആരംഭിച്ച ലെക്ചർ വീഡിയോകൾക്ക് മികച്ച പ്രേക്ഷകരെ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് താൻ രണ്ട് കാര്യങ്ങളാണ് തുടങ്ങിയത്. ഒരു പാചകക്കാരനായി വീട്ടിൽ തന്നെ ഭക്ഷണം പാചകം ചെയ്യാൻ തുടങ്ങി. വീഡിയോ കോൺഫറൻസ് വഴി ആളുകൾക്ക് ക്ലാസുകൾ നൽകി. ഓൺലൈനായി 950 ലെക്ചറുകൾ എടുത്തു. രണ്ട് വിദേശ സർവകലാശാലകളിലെ കുട്ടികൾക്കും ക്ലാസെടുത്തു. അവയെല്ലാം യൂട്യൂബിൽ അപ്ലോഡ് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. യൂട്യൂബിലെ തന്റെ കാണികളുടെ എണ്ണം വർധിച്ചു. അതുകൊണ്ടുതന്നെ യൂട്യൂബ് ഇപ്പോൾ തനിക്ക് മാസം നാല് ലക്ഷം രൂപ റോയൽറ്റിയായി നൽകുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
ഡൽഹി – മുംബൈ എക്‌സ്പ്രസ് വേയുടെ പുരോഗതി വിലയിരുത്തിയ ശേഷം ബറുച്ചിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. രാജ്യത്ത് നല്ല കാര്യം ചെയ്യുന്നവർക്ക് മതിയായ പ്രോത്സാഹനം ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

