ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ലഡാക്കിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇരുപക്ഷവും ചേർന്ന് പ്രവർത്തിക്കണമെന്ന് ജയശങ്കർ ആവശ്യപ്പെട്ടു. ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയിൽ വെച്ചാണ് അദ്ദേഹം ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. ലഡാക്കിൽ സമാധാനം പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളിലെയും സൈനിക, ഉദ്യോഗസ്ഥതല യോഗം ഉടൻ കൂടി പ്രശ്നപരിഹാരം സാദ്ധ്യമാക്കണമെന്ന കാര്യവും ചർച്ചാ വിഷയമായി. പ്രശ്നങ്ങൾ നീട്ടിക്കൊണ്ടുപോകുന്നത് ഇരുപക്ഷത്തിനും നല്ലതല്ലെന്ന അഭിപ്രായം മുൻ യോഗങ്ങളിൽ തന്നെ ഉയർന്നിരുന്നു.
അതേസമയം ഏഷ്യൻ രാജ്യങ്ങൾ തമ്മിലെ ഐക്യം ഇരുരാജ്യങ്ങളുടെയും ബന്ധമനുസരിച്ചിരിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. പരസ്പര ബഹുമാനത്തോടെ ഇരുരാജ്യങ്ങളും തമ്മിൽ ഒരു ബന്ധമുണ്ടാകണമെന്നും അതിന് ചൈന ഇന്ത്യയുമായുളള ബന്ധം മൂന്നാമതൊരു രാജ്യത്തിന്റെ കണ്ണിലൂടെ കാണരുതെന്നും ജയശങ്കർ അഭ്യർത്ഥിച്ചു.

