ടി20 ലോകകപ്പിനു ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് കോഹ്‌ലി !

ന്യൂഡല്‍ഹി: ഇന്ത്യയുടെ യുവതാരം വിരാട് കോഹ്‌ലി ട്വന്റി-20 ക്യാപ്റ്റന്‍സ്ഥാനം ഒഴിയുന്നു. ഒക്ടോബറില്‍ നടക്കുന്ന ലോകകപ്പിനുശേഷം ക്യാപ്റ്റന്‍സ്ഥാനം ഒഴിയുമെന്ന് കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു. ടീമില്‍ അംഗമായിരിക്കും, ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനായും തുടരും.

കഴിഞ്ഞ 8-9 വര്‍ഷമായി ഞാന്‍ മൂന്ന് വിഭാഗം ക്രിക്കറ്റും കളിക്കുന്നു, 5-6 വര്‍ഷമായി ക്യാപ്റ്റനുമാണ്. ജോലിഭാരം കൂടുതലാണ്. അത് പരിഗണിച്ചാണ് ഈ തീരുമാനം. ക്യാപ്റ്റനെന്ന രീതിയില്‍ പറ്റാവുന്നതൊക്കെ ചെയ്തു. ഒരു ബാറ്റ്‌സ്മാനായി ഈ ടീമിനൊപ്പമുണ്ടാകും കോഹ്‌ലി കുറിച്ചു.

ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് വിരാട് കോഹ്ലി ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത്. തന്റെ തീരുമാനം ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയുമായും സെക്രട്ടറി ജയ് ഷായുമായും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും വിരാട് കോഹ്ലി പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും ബി.സി.സി.ഐ അത് നിഷേധിച്ചിരുന്നു.