സര്‍ക്കാര്‍ ജീവനക്കാരുടെ കൊവിഡ് ക്വാറന്റീന്‍; കാഷ്വല്‍ ലീവ് ഏഴു ദിവസമാക്കി ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ കൊവിഡ് ക്വാറന്റീന്‍ സ്പെഷ്യല്‍ കാഷ്വല്‍ ലീവ് ഏഴു ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. രോഗം ബാധിച്ചവര്‍ക്കും പ്രാഥമിക സമ്പര്‍ക്കമുള്ളവര്‍ക്കും പ്രത്യേക അവധി നല്‍കും. ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക കാഷ്വല്‍ അവധി അനുവദിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിഞ്ഞാല്‍ ആശുപത്രി രേഖകളുടെ അടിസ്ഥാനത്തില്‍ ചികിത്സാ കാലയളവ് മുഴുവന്‍ സ്പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കും. മൂന്നുമാസത്തിനകം കൊവിഡ് ബാധിതരായ ജീവനക്കാര്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടാല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. അത്തരം ജീവനക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫിസില്‍ എത്തണമെന്നാണ് നിര്‍ദേശം. അവധി ദുരുപയോഗം ചെയ്താന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

കൊവിഡ് ഭേദമായവര്‍ 10 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങളില്ലെങ്കില്‍ ഓഫിസിലെത്തണമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഏഴാം ദിവസം പരിശോധിച്ച് നെഗറ്റീവായാല്‍ ഓഫിസില്‍ എത്തണം.