സ്ഥാനാർത്ഥിത്വം ഗൗരവമായെടുക്കാത്തവരെ പുറന്തള്ളാൻ പുതിയ തന്ത്രവുമായി കോൺഗ്രസ്; അപേക്ഷാ ഫീസായി 11,000 രൂപ പാർട്ടി അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: സ്ഥാനാർത്ഥിത്വം ഗൗരവമായെടുക്കാത്തവരെ പുറന്തള്ളാൻ പുതിയ തന്ത്രവുമായി കോൺഗ്രസ്. 2022 ൽ നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ആശ്യപ്പെട്ട് തങ്ങളെ സമീപിക്കുന്ന പാർട്ടിപ്രവർത്തകരായ ടിക്കറ്റ് മോഹികളോട് പണം കെട്ടിവെയ്ക്കണമെന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം നിർദ്ദേശിക്കുന്നത്. 11,000 രൂപ അപേക്ഷ ഫീസായി പാർട്ടി അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിർദ്ദേശം. സ്ഥാനാർത്ഥിയാകാനുള്ള അപേക്ഷക്കൊപ്പമാണ് പണം നൽകേണ്ടത്. സെപ്തംബർ 25 നകം അപേക്ഷയും പണവും നൽകണമെന്നാണ് ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു അറിയിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ച പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിൽ ദ്വിദിന ക്യാമ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ ക്ഷണിച്ചത്. ഡ്രാഫ്റ്റ് ആയോ RTGS ആയോ ഈ തുക കെട്ടിവെയ്ക്കാമെന്നാണ് അറിയിപ്പ്. സെപ്റ്റംബർ 25 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.

അതേസമയം സംസ്ഥാനത്തെ 403 അസംബ്ലി സീറ്റുകളിൽ ഏകദേശം 90 എണ്ണത്തോളം ഇതിനകം തന്നെ സിറ്റിംഗ് എംഎൽഎമാർക്കും, പ്രമുഖ പാർട്ടി നേതാക്കൾക്കുമായി റിസർവ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ശേഷിക്കുന്ന സീറ്റുകളിലേക്കാണ് ജില്ലാ കമ്മിറ്റികളിൽ നിന്നും വരുന്ന അപേക്ഷകൾ പരിഗണിക്കുന്നത്. അപേക്ഷകൾ സംസ്ഥാന കമ്മിറ്റി പരിശോധിച്ച് അവയിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ പേരുകളാണ് ഹൈക്കമാന്റിലേക്ക് അന്തിമ തീരുമാനത്തിനുവേണ്ടി അയക്കുക. അപേക്ഷ സമർപ്പിക്കാൻ ഒരു പെർഫോമയും യുപി കോൺഗ്രസ് കമ്മിറ്റി ഇത്തവണ തയ്യാറാക്കിയിട്ടുണ്ട്. അതിൽ എത്ര കാലമായി കോൺഗ്രസിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ എന്തൊക്കെയാണ് ചെയ്തിട്ടുള്ളത് എന്നതടക്കമുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രിയങ്കാ ഗാന്ധി നേരിട്ടാണ് ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത്.