തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് ആരു പോയാലും പാര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. താന്‍ പോയാലും തന്നെക്കാള്‍ മിടുക്കരായ ഒരാള്‍ സ്ഥാനത്തു വരുമെന്നും, കെ കരുണാകരന് വിട്ടു പോയപ്പോള്‍ പോലും പാര്‍ട്ടി തളര്‍ന്നിട്ടില്ലെന്നും സതീശന് ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്ചയുടെ പേരില്‍ സിപിഎം അടുത്തിടെ പല നേതാക്കള്‍ക്കെതിരെയും നടപടിയെടുത്തു. അതിനെ കുറ്റപ്പെടുത്താന്‍ കഴിയുമോ, പാര്‍ട്ടി എന്ന നിലയില്‍ അതിന്റേതായ ചട്ടക്കൂട് വേണം. അതിനപ്പുറം പോകുമ്പോള്‍ നടപടിയെടുക്കേണ്ടിവരും. കോണ്‍ഗ്രസിലും അതാണുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാത്രമല്ല, പാര്‍ട്ടി മാറുന്നതു പുതിയ കാര്യമല്ലെന്നും, കോണ്‍ഗ്രസ് വിട്ടവരെ സിപിഎം സ്വീകരിക്കുന്നത് സ്വാഭാവികമാണ്. സിപിഎം വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നവരെയും മാലയിട്ടു സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഭാരവാഹികളൊക്കെ വെറും പെട്ടിതൂക്കികളാണെന്ന് പാര്‍ട്ടിക്കുള്ളിലെ ആരെങ്കിലും ആക്ഷേപിച്ചാല്‍ പൂവിട്ട് പൂജിക്കാന്‍ കഴിയില്ലെന്നും സതീശന് വ്യക്തമാക്കി.
ഒരവസരത്തില്‍ കരുണാകരന് കോണ്‍ഗ്രസ് വിട്ട് പോയി. കരുണാകരന് ഇല്ലാതെ തന്നെ കേരളത്തിലെ കോണ്‍ഗ്രസിനെ കൈപിടിച്ച് ഉയര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. കരുണാകരനെ പോലെ വലിയവര്‍ അല്ലല്ലോ ആരും. നാളെ ഞാന്‍ പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല. വിശദീകരണം ചോദിച്ചപ്പോള്‍ അനില്‍കുമാര്‍ നല്‍കിയത് ധിക്കാരപരമായ മറുപടിയായിരുന്നു. അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയത്. അര്‍ഹിക്കാത്തവര്‍ക്ക് ഇനിയെങ്കിലും അംഗീകാരം കൊടുക്കരുത്. ഇതൊരു പാഠമാണെന്ന് സതീശന് പറഞ്ഞു.

