വർക്ക് ഫ്രം ഹോം ആനുകൂല്യം മുതലാക്കി മയക്കു മരുന്ന് കടത്ത്; വനിതാ ടെക്കി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മയക്കു മരുന്ന് വേട്ട. ലക്ഷങ്ങൾ വിലവരുന്ന ന്യൂജെൻ മയക്കുമരുന്നുമായി തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലിനോക്കുന്ന വനിതാ ടെക്കി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിലായി. തിരുവനന്തപുരം ചിറയിൻകീഴ് അമൃതം വീട്ടിൽ യദുകൃഷ്ണൻ പൂന്തുറ പടിഞ്ഞാറ്റിൽ വീട്ടിൽ ശ്രുതി എസ്.എൻ കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി നൗഫത്ത് മഹൽ നൗഷാദ് പി ടി എന്നിവരാണ് അറസ്റ്റിലായത്.

തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി ജീവനക്കാരാണ് യദുകൃഷ്ണനും ശ്രുതിയും. വർക്ക് ഫ്രം ഹോം ആനുകൂല്യം മുതലാക്കിയായിരുന്നു സംഘത്തിന്റെ പ്രവർത്തനം. എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനു വേണ്ടിയാണ് സംഘം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. നൂറുഗ്രാം മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മയക്കു മരുന്ന് കടത്താനായിരുന്നു സംഘത്തിന്റെ ശ്രമം. കേരള-കർണാടക അതിർത്തിയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ പി ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഘം നേരത്തെ മയക്കു മരുന്ന് കടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.