മയക്കു മരുന്നും കഞ്ചാവും മറ്റും ഉപയോഗിക്കുന്നവർ സ്വന്തം മതത്തിൽ പെട്ടവരിൽ നിന്ന് തന്നെ വാങ്ങി ഉപയോഗിക്കേണ്ടതാണ്; നർക്കോട്ടിക് ജിഹാദ് പരാമർശത്തിനെതിരെ പരിഹാസവുമായി സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉയർത്തിവിട്ട നർക്കോട്ടിക് ജിഹാദ് പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി. മയക്കു മരുന്നും കഞ്ചാവും മറ്റും ഉപയോഗിക്കുന്നവർ കഴിവതും സ്വന്തം മതത്തിൽ പെട്ടവരിൽ നിന്ന് തന്നെ വാങ്ങി ഉപയോഗിക്കേണ്ടതാണെന്നും മറ്റ് മതക്കാരുടെ കയ്യീന്ന് വാങ്ങിച്ചു വെറുതേ വർഗീയ പ്രശ്‌നം ഉണ്ടാക്കരുതെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്‌സ് ജിഹാദ് വിവാദത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. കത്തോലിക്ക യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പാലാ ബിഷപ്പിന്റെ പ്രസ്താവന. കേരളത്തിൽ ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. അമുസ്ലീങ്ങളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ ലഹരിമരുന്നിന് അടിമയാക്കാൻ ശ്രമിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.