മലബാർ കലാപം മുസ്ലിം രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമമെന്ന് പ്രചരിപ്പിക്കുന്നു; വർഗീയ സംഘടനകൾ വ്യാജ പ്രചാരണങ്ങൾ അഴിച്ചു വിടുന്നെന്ന് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: മലബാർ കലാപം മുസ്ലിം രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമമെന്ന് പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യസമര ഏടുകളെ അങ്ങനെയല്ലെന്ന് വരുത്തിത്തീർക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിൽ പങ്കെടുക്കാത്തവരെ സ്വാതന്ത്ര്യസമര സേനാനിയെന്ന് ചിത്രീകരിക്കുന്നുവെന്നും വർഗീയ സംഘടനകൾ വ്യാജ പ്രചാരണങ്ങൾ അഴിച്ചു വിടുന്നെന്നും അദ്ദേഹം വ്യക്തമാക്കി. മലബാർ കലാപം 100 വർഷം 100 സെമിനാർ എന്ന സംസ്ഥാനതല ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ചരിത്ര വസ്തുതകളെ വക്രീകരിച്ച് പുതിയ ചരിത്രം സ്ഥാപിക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് പ്രതിസന്ധി ഘട്ടത്തിലും വിദ്യാഭ്യാസ മേഖല മുന്നോട്ട് പോയി. ഒരു പ്രതിസന്ധിയുടെയും മുന്നിൽ വിറങ്ങലിച്ച് നിൽക്കുകയല്ല ചെയ്തത്. കാലത്തിനനുയോജ്യമായ വികസന മേഖലകളിൽ കൂടി കടക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഡിജിറ്റൽ വിദ്യാഭ്യാസം കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം വിശദമാക്കി. നൂറു ദിന പദ്ധതികളുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ സംസ്ഥാനത്തെ 92 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 107 സ്‌കൂളുകളുടെ ശിലാസ്ഥാപനവും അദ്ദേഹം നിർവ്വഹിച്ചു.

കണക്ടിവിറ്റി വിഷയത്തിൽ സേവന ദാതാക്കളുമായി ചർച്ച നടത്തി. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കേരളം വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടം അഭിമാനകരമാണ്. കോവിഡ് പോലെയുള്ള പ്രശ്‌നങ്ങൾ ഇതിനിടയിൽ സംഭവിച്ചു എന്നതും വസ്തുതയാണ്. സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം അക്കാദമിക്ക് സൗകര്യവും വികസിപ്പിക്കാൻ സാധിച്ചു. അത്യപൂർവം സ്ഥലങ്ങളിൽ മാത്രമെ ഇപ്പോൾ കണക്ടിവിറ്റി പ്രശ്നമുള്ളു. ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കാൻ കുട്ടികളുടെ കണക്കെടുത്തു. കോവിഡ് തീർത്ത പ്രതിസന്ധി വെല്ലുവിളിയായിട്ടുണ്ടെങ്കിലും ജനാധിപത്യ ബദലുകൾ ഉയർത്തുകയാണ് പ്രധാനം. സൗകര്യപ്രദമായ സമയത്ത് സ്‌കൂളുകൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.