തിരുവനന്തപുരം: ബഹിരാകാശ മേഖലയിൽ വലിയ ചുവടുവെയ്പ്പുകൾ നടത്താനൊരുങ്ങി ഇന്ത്യ. ബഹിരാകാശമേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ബഹിരാകാശമേഖലയിൽ വിദേശക്കമ്പനികളുമായി ഇന്ത്യൻ കമ്പനികൾ പങ്കാളിത്തമുണ്ടാക്കുന്നതിനെയും പ്രോത്സാഹിപ്പിക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്.
നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ (എഫ്ഡിഐ) കാര്യത്തിൽ ഇളവുകൾ അനുവദിച്ചാൽ വിദേശത്തുള്ള ബഹിരാകാശ കമ്പനികൾ ഇന്ത്യയിൽ നിക്ഷേപമിറക്കാനുള്ള പുതിയ അവസരങ്ങൾ തുറക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യ വൈകാതെ ബഹിരാകാശ മേഖലയിൽ പുതിയൊരു വിദേശനിക്ഷേപ നയം രൂപീകരിക്കുമെന്ന് എഎസ്ആർഒ ചെയർമാൻ കെ. ശിവൻ വ്യക്തമാക്കി. ഇക്കാര്യം വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് സംഘടിപ്പിച്ച ഇൻറർനാഷണൽ സ്പേസ് കോൺഫറൻസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വിദേശക്കമ്പനികൾ കൂടി ബഹിരാകാശമേഖലയിൽ നിക്ഷേപമിറക്കുന്നതോടെ ഇന്ത്യയും വിദേശക്കമ്പനികളും തമ്മിൽ നിരന്തരമായ കൊടുക്കൽ വാങ്ങലിന്റെ അന്തരീക്ഷമുണ്ടാകുമെന്നും ഇത് ഇരുരാജ്യങ്ങളെയും നല്ല തോതിൽ സഹായിക്കുമെന്നും അദ്ദേഹം വിശദമാക്കി. ഇക്കാര്യത്തിൽ വിദേശ കമ്പനികൾ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

