നാര്‍ക്കോട്ടിക്ക് ജിഹാദ്; ബിഷപ്പ് ആവശ്യപ്പെട്ടാല്‍ പിന്തുണ നല്‍കും, അങ്ങോട്ട് ഓടിച്ചെന്ന് മൈക്കെടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീയക്കാരനല്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: പാല ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്താവനയില്‍ ഇപ്പോള്‍ പക്ഷം പിടിക്കാനില്ലെന്ന് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. ബിഷപ്പ് ആവശ്യപ്പെട്ടാല്‍ അദ്ദേഹത്തിനു വേണ്ട പിന്തുണ നല്‍കുമെന്നും, അങ്ങോട്ട് ഓടിച്ചെന്ന് ഒരു മൈക്കെടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ തന്നെ പെടുത്തരുതെന്നും സുരേഷ് ഗോപി പറഞ്ഞു.

ആര്‍ക്ക് എന്ത് പ്രശ്‌നമുണ്ടെങ്കിലും തന്നോട് പറയാം. അത് ആരുടെ മുന്നിലാണോ എത്തിക്കേണ്ടത് അവിടെ ആ പരാതി ഉറപ്പായും എത്തിക്കും. അത് തന്റെ ജോലിയാണന്ന് സുരേഷ് ഗോപി പറഞ്ഞു. ഈ രാജ്യത്ത് നടക്കുന്ന എല്ലാ വിഷയങ്ങളും പ്രധാനമന്ത്രിയുടെ മുന്നില്‍ എത്തുന്നുണ്ട്. കാശ്മീര്‍ മുതല്‍ കര്‍ഷക നിയമം വരെയുള്ള എല്ലാ പ്രശ്‌നങ്ങളും അവിടെ എത്തുന്നുണ്ടെന്നും അതിനു വേണ്ട നടപടികള്‍ എടുക്കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

മാത്രമല്ല, ബിഷപ്പ് വഴിയാണ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എത്തുന്നതെങ്കില്‍ അതും പരിഗണിക്കും. എന്നാല്‍ അതിനു വേണ്ടി താന്‍ ആരുടേയും അടുത്ത് പോകില്ല. പറയാനുള്ളവര്‍ പറയട്ടെ. അവരുടെ ഭൂരിപക്ഷം കൂടുമ്പോള്‍ നടപടിയുണ്ടാകുമെന്നും സുരേഷ് ഗോപി അറിയിച്ചു. നാര്‍ക്കോട്ടിക് ജിഹാദ് വിഷയം ബിജെപി രാഷ്ട്രീയ ആയുധമായി ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് സുരേഷ്‌ഗോപി തന്റെ നയം വ്യക്തമാക്കിയിരിക്കുന്നത്.