തിരുവനന്തപുരം: പരസ്യപ്രതികരണത്തിന്റെ പേരിൽ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ കോൺഗ്രസിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽ ചേർന്നു. കോൺഗ്രസ് വിടുന്ന കാര്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഏ കെ ജി സെന്ററിലെത്തിയത്. ഉപാധികളില്ലാതെയാണ് താൻ സിപിഎമ്മിലേയ്ക്ക് പോകുന്നതെന്ന് അനിൽകുമാർ വ്യക്തമാക്കി. സി.പി. എം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഏ കെ ജി സെന്ററിലെത്തിയ അനിൽകുമാറിനെ സ്വീകരിച്ചത്.
മുൻപ് കോൺഗ്രസിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽ ചേർന്ന പി എസ് പ്രശാന്തിനൊപ്പമാണ് അനിൽ കുമാർ ഏ കെ ജി സെന്ററിലെത്തിയത്. ആദ്യമായാണ് ഏ കെ ജി സെന്ററിന്റെ പടി ചവിട്ടുന്നത്. വലതുകാൽ വച്ച് കയറുകയാണ്. അഭിമാനത്തോടെയും അന്തസോടെയുമാണ് സിപിഎമ്മുമായി സഹകരിക്കാൻ പോകുന്നത്. സിപിഎം ഉയർത്തുന്ന മതേതര മൂല്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ല. 43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആയുസ്സിന്റെ ഏതാണ്ട് മുക്കാൽ ഭാഗത്തിലധികം പ്രവർത്തിച്ച, വിയർപ്പും രക്തവും സംഭാവന ചെയ്തിട്ടുള്ള പ്രസ്ഥാനത്തിൽ നിന്ന് വിടപറയുകയാണ്. ഇന്നത്തോടുകൂടി ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെ.പി.സി.സി.സി പ്രസിഡന്റ് കെ.സുധാകരനും രാജിക്കത്ത് മെയിൽ വഴി അയച്ചു. പുതിയ നേതൃത്വം വന്നതിന് ശേഷം ആളുകളെ നോക്കി നീതി നടപ്പാക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. പാർട്ടിക്കുള്ളിൽ നീതി നിഷേധിക്കപ്പെടുമെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ട് തന്റെ രക്തത്തിന് വേണ്ടി തലയറുക്കാൻ വേണ്ടി കാത്തുനിൽക്കുന്ന ആളുകളാണ് നേതൃത്വത്തിൽ ഉള്ളതെന്നതുകൊണ്ട്, പിന്നിൽ നിന്ന് പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ലാത്തത് കൊണ്ട് പാർട്ടിയുമായി 43 വർഷമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അദ്ദേഹം വിശദമാക്കി.
2016 ൽ കൊയിലാണ്ടിയിൽ സീറ്റ് നൽകാതെ അപമാനിച്ചു. ഒരു പരാതി പോലും പറഞ്ഞില്ല. അച്ചടക്കത്തോടെ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റി. 2021 ലും സീറ്റ് നൽകാമെന്ന് പറഞ്ഞ് പാർട്ടി ചതിച്ചു. അഞ്ച് വർഷം നിശബ്ദനായിരുന്നു, അഞ്ച് വർഷവും ഒരു പരാതിയും പറയാതെ പ്രവർത്തിച്ചു. ഗ്രൂപ്പില്ലാതെ പ്രവർത്തിച്ചതിനുള്ള തിക്തഫലമാണിത്. ഏഴയൽപക്കത്ത് പോലും സ്ഥാനം നൽകാതെ പാർട്ടി തന്നെ ആദരിച്ചവവെന്നും അനിൽകുമാർ പരിഹസിച്ചു.
കോൺഗ്രസിൽ ഡിസിസി പുനഃസംഘടന നടന്ന ശേഷം പരസ്യ പ്രതികരണം നടത്തിയതിന്റെ പേരിലാണ് കോൺഗ്രസ് അനിൽകുമാറിനെതിരെ നടപടി സ്വീകരിച്ചത്. ഡിസിസി പ്രസിഡന്റുമാർ പലരുടേയും പെട്ടിതാങ്ങുന്നവരാണെന്ന ആരോപണമായിരുന്നു അനിൽകുമാർ ഉന്നയിച്ചത്. പിന്നീട് അനിൽ കുമാറിനെ പാർട്ടി സസ്പെൻഡ് ചെയ്യുകയായിരുന്നു.

