പാകിസ്താനുമായുളള ബന്ധത്തെ വരുന്ന ആഴ്ചകളിൽ വിശദമായി വിശകലനം ചെയ്യും; മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടൺ: പാകിസ്താനുമായുളള തങ്ങളുടെ ബന്ധത്തെ വരുന്ന ആഴ്ചകളിൽ വിശദമായി വിശകലനം ചെയ്യുമെന്ന് വ്യക്തമാക്കി അമേരിക്ക. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ ജനപ്രതിനിധി സഭയിലായിരുന്നു ബ്ലിങ്കന്റെ പ്രതികരണം.

പാകിസ്താൻ താലിബാൻ അംഗങ്ങൾക്ക് സുരക്ഷിതമായ ഒളിത്താവളം നൽകുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം താമസിയാതെ അമേരിക്കൻ ഭരണകൂടം വിശകലനത്തിന് വിധേയമാക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അഫ്ഗാനിസ്താനിൽ കഴിഞ്ഞ 20 വർഷങ്ങളായി പാകിസ്ഥാൻ നടത്തുന്ന ഇടപെടലും വരും ആഴ്ചകളിൽ അവർ നടത്താൻ പോകുന്ന ഇടപെടലുകളും നിരീക്ഷിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാകിസ്താന് അഫ്ഗാനിസസ്താനിൽ അമേരിയ്ക്കയ്ക്കുളളതിൽ നിന്നും വ്യത്യസ്തമായി ചില താൽപര്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അഫ്ഗാനിലെ താലിബാൻ സർക്കാരിനെ അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അമേരിക്കൻ പ്രതിരോധത്തിനെതിരെ താലിബാന് പരോക്ഷമായി ശക്തമായ പിന്തുണ നൽകുന്നവരാണ് പാകിസ്താൻ. എന്നാൽ ഇത് അംഗീകരിക്കാൻ പാകിസ്താൻ ഇതുവരെ തയ്യാറായിട്ടില്ല.