റിസബാവയ്ക്ക് കോവിഡ് പോസിറ്റീവ്; പൊതുദര്‍ശനം ഒഴിവാക്കി !

കൊച്ചി: അന്തരിച്ച ചലച്ചിത്ര താരം റിസബാവയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കി. മട്ടാഞ്ചേരി കപ്പലണ്ടി മുക്കിലുള്ള ഷാദിമഹലിലാണ് നേരത്തെ പൊതുദര്‍ശനം നിശ്ചയിച്ചിരുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 10 മണിക്ക് ചെമ്പിട്ട പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കാരം നടക്കും.

തിങ്കളാഴ്ച വൈകുന്നേരം മുന്ന് മണിയോടെയായിരുന്നു റിസബാവ(55)യുടെ അന്ത്യം. പെട്ടന്നുണ്ടായ സ്ട്രോക്കിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1990ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ പശുപതി എന്ന ചിത്രത്തിലൂടെ നായകനായാണ് റിസബാവ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന വില്ലനും സൂപ്പര്‍ഹിറ്റായതോടെ റിസബാവ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വില്ലനായും സഹതാരമായുമെല്ലാം നിരവധി ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്.