ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി രാജിയുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. രാജിയ്ക്ക് പിന്നിലെ കാരണങ്ങളെ കുറിച്ച് പ്രത്യേക വെളിപ്പെടുത്തലുകളൊന്നും നടത്തിയിട്ടില്ല. ബിജെപിയിൽ നേതൃമാറ്റം സാധാരണമാണെന്നായിരുന്നു രാജിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ പ്രതികരണം. എന്നാൽ രാജി പ്രഖ്യാപനത്തിന് പിന്നിലെ കാരണങ്ങൾ ഇതൊന്നുമല്ലെന്നാണ് വിവരം.
വിജയ് രുപാണിയെ ഉയർത്തിക്കാട്ടി അടുത്ത തെരഞ്ഞെടുപ്പ് വിജയിക്കുക എളുപ്പമല്ലെന്ന് ആർ.എസ്.എസ് നടത്തിയ ഒരു സർവേ പറയുന്നതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആം ആദ്മി പാർട്ടിയുടെ ജൻ സംവേദ്‌ന യാത്രയിൽ കോവിഡ് കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് പറ്റിയ വീഴ്ച്ചകൾ ഉയർത്തിക്കാട്ടാൻ പാർട്ടി പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചിരുന്നു. 27 വർഷം സംസ്ഥാനം ഭരിച്ച ബി.ജെ.പിക്കെതിരെ ഭരണ വിരുദ്ധ വിരുദ്ധ വികാരം ഉയരാനുളള സാദ്ധ്യതയും ഏറെയാണ്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാജി പ്രഖ്യാപനമെന്നാണ് സൂചനകൾ.
ഗുജറാത്ത് സർക്കാരിലെ ചിലമന്ത്രിമാരെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ സാദ്ധ്യതയുണ്ടെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

