ഐപിഎല്‍ രണ്ടാംഘട്ടമൊരുങ്ങുന്നു; മുംബൈ ഇന്ത്യന്‍സ് ഉപദേഷ്ടാവ് സച്ചിന്‍ യുഎഇയിലെത്തി

ദുബായ്: ഐപിഎല്‍ മത്സരങ്ങള്‍ക്കായി മുംബൈ ഇന്ത്യന്‍സ് ഉപദേഷ്ടാവ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ യുഎഇയിലെത്തി. പതിനാലാം സീസണിന്റെ രണ്ടാംഘട്ടത്തിനായി സച്ചിന്‍ യുഎഇയില്‍ വിമാനമിറങ്ങിയെന്ന് മുംബൈ ഇന്ത്യന്‍സ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു.

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ, പേസര്‍ ജസ്പ്രീത് ബുമ്ര, ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ കുടുംബത്തോടൊപ്പം ഇന്നലെ യുഎഇയിലെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിനു ശേഷമാണ് മൂവരും യുഎഇയില്‍ എത്തിയത്. മുംബൈക്കൊപ്പം ചേരും മുമ്പ് ആറ് ദിവസത്തെ ക്വാറന്റീനിലാണ് താരങ്ങള്‍. അബുദാബിയില്‍ എത്തിയ ശേഷം നടത്തിയ കൊവിഡ് പരിശോധനയില്‍ മൂവരുടേയും ഫലം നെഗറ്റീവാണ്.

ദുബായില്‍ സെപ്റ്റംബര്‍ 19ന് ഐപിഎല്‍ 14-ാം സീസണിന്റെ രണ്ടാംഘട്ടത്തിന് തുടക്കമാകും. മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടത്തോടെയാണ് രണ്ടാംഘട്ട മത്സരങ്ങള്‍ ആരംഭിക്കുക.

എട്ട് മത്സരങ്ങളില്‍ 12 പോയിന്റുമായി ഡല്‍ഹി കാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 10 പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എട്ട് പോയിന്റുള്ള മുംബൈ ഇന്ത്യന്‍സാണ് നാലാം സ്ഥാനത്ത്. ആറ് പോയിന്റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്സുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. നാല് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഏഴാമതും രണ്ട് പോയിന്റുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് എട്ടാമതുമാണ്.