ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ പരാജയം, ഐസിസിയ്ക്ക് കത്തെഴുതി ഇംഗ്ലണ്ട് !

ലണ്ടന്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉപേക്ഷിച്ച ഇന്ത്യ-ഇംഗ്ലണ്ട് തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ജേതാക്കളെ നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ട് ഇംഗ്ലണ്ട് ആന്‍ഡ് വേയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെ സമീപിച്ചു. ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ബോര്‍ഡുകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇ.സി.ബി അധികൃതര്‍ ഐ.സി.സിയെ സമീപിച്ചിരിക്കുന്നത്.

നാലു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലായിരുന്നു. എന്നാല്‍ അഞ്ചാം ടെസ്റ്റ് അടിയറവ് വച്ച് പരമ്പര 2-2ന് സമനിലയിലായതായി സമ്മതിച്ച് മത്സരത്തില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിക്കാനായിരുന്നു ഇ.സി.ബി ആവശ്യപ്പെട്ടത്. ഇതിനോട് ബി.സി.സി.ഐക്ക് സമ്മതമായിരുന്നില്ല.

കൊവിഡിന്റെ കാരണം പറഞ്ഞ് മത്സരം റദ്ദാക്കിയാല്‍ ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ കളിക്കാരുടെ നിസഹകരണം ഔദ്യോഗികമായി പറഞ്ഞ് പിന്മാറണമെന്ന ഇ.സി.ബിയുടെ ആവശ്യവും ഇന്ത്യ തള്ളി. ഏറ്റവും അടുത്ത സമയത്തുതന്നെ ഇംഗ്ലണ്ടുമായി പകരം ഒരു ടെസ്റ്റ് കളിക്കാമെന്ന് ബി.സി.സി.ഐ അറിയിച്ചെങ്കിലും അതിലും സമവായമായിരുന്നില്ല.

കളിക്കാര്‍ക്ക് ബയോ ബബിള്‍ സംവിധാനം ഒരുക്കുന്നതില്‍ ഉള്‍പ്പടെ ഇ.സി.ബി പരാജയപ്പെട്ടതായി ബി.സി.സി.ഐ ആരോപിച്ചിരുന്നു. ഗാലറിയില്‍ നിന്ന് തുടര്‍ച്ചയായി പിച്ചിലേക്ക് ആള്‍ പ്രവേശിക്കുന്നത് തടയാന്‍ പോലും ഇ.സി.ബിക്ക് കഴിയാത്ത സാഹചര്യത്തിലാണ് താരങ്ങള്‍ ഭയപ്പാടോടെ പിന്മാറാന്‍ തീരുമാനിച്ചതെന്നായിരുന്നു ബി.സി.സി.ഐ മേധാവികള്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയത്.