മലപ്പുറം: സംഘപരിവാറിനെതിരെ വിമർശനവുമായി കെ മുരളീധരൻ എംപി. നാർക്കോട്ടിക് ജിഹാദ് വിവാവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്തെ രണ്ട് പ്രബല സമുദായത്തെ തമ്മിലടിപ്പിച്ച് അതിനിടയിൽ കയറാൻ സംഘപരിവാർ ശ്രമിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. അതിന് സഹായം നൽകുന്ന നിലപാടുകൾ ആരും സ്വീകരിക്കരുതെന്ന് കെ മുരളീധരൻ അഭ്യർത്ഥിച്ചു.
അഭിപ്രായ വ്യത്യാസങ്ങൾ ഒരു മേശക്കു ചുറ്റുമിരുന്ന് പരിഹരിക്കാൻ ഇരു സമുദായ നേതാക്കളും തയ്യാറാകണം. കേരളത്തിൽ ലഹരി മാഫിയ ഉണ്ട്. പക്ഷെ അത് ഒരു മതത്തിന്റെ പേരിൽ കെട്ടിവെക്കരുത്. പാലാ ബിഷപ്പിന്റെ ചില പ്രസ്താവനകളാണ് വിവാദമായത്. അദ്ദേഹത്തെ സംരക്ഷിക്കാൻ വിശ്വാസികൾ ഉണ്ട്. അതിന് സംഘ പരിവാർ വേണ്ട. തർക്കം കൂടുതൽ ഗുരുതരമാകാതെ പരിഹരിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലാ ബിഷപ്പിന്റെ നാർക്കോടിക്സ് വിവാദത്തെ പിന്തുണച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെ മുരളീധരന്റെ പരാമർശം.

