പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട്; മോഡലും സഹായിയും അറസ്റ്റില്‍ !

പത്തനംതിട്ട: ആറന്മുള പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ മോഡലിനെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോ, പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണി എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. പള്ളിയോട സംഘം നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിന് ശേഷം ഇരുവരേയും ജാമ്യത്തില്‍ വിട്ടയച്ചു.

പള്ളിയോട സേവാ സംഘത്തിന്റെ പരാതിയില്‍ തിരുവല്ല പൊലീസ് നേരത്തേ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ആചാരാനുഷ്ഠാനങ്ങളെയും, വിശ്വാസങ്ങളെയും വെല്ലുവിളിച്ച് ചിത്രീകരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

എന്നാല്‍ പള്ളിയോടത്തില്‍ ഷൂസിട്ട് കയറാന്‍ പാടില്ലെന്ന് അറിഞ്ഞിരുന്നില്ലെന്നും, സംഭവത്തില്‍ കരക്കാര്‍ക്കും വിശ്വാസികള്‍ക്കുമുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നതായും, പള്ളിയോടമാണെന്ന് അറിയാതെയാണ് വള്ളത്തില്‍ കയറിയതെന്നും ആചാര പ്രകാരമുള്ള പ്രായശ്ചിത്തം ചെയ്യാന്‍ സന്നദ്ധയാണെന്നും നിമിഷ അറസ്റ്റിന് ശേഷം പ്രതികരിച്ചു.

ഓതറ പുതുക്കുളങ്ങര പള്ളിയോടത്തില്‍ അനുമതിയില്ലാതെ കയറിയതിനും ഷൂസിട്ട് ഫോട്ടോ എടുത്തതിനുമാണ് ഇവര്‍ക്കെതിരെ പള്ളിയോടം ഭരവാഹികള്‍ പരാതി നല്‍കിയത്. ഓണത്തിന് മുമ്പെടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞതും വിവാദമായതും.

ആറന്മുള ഉതൃട്ടാതി വള്ളംകളിക്ക് പങ്കെടുക്കുന്ന വള്ളങ്ങളാണ് പള്ളിയോടങ്ങള്‍ എന്നറിയപ്പെടുന്നത്. ദൈവസാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ വ്രതശുദ്ധിയോടെയാണ് പുരുഷന്മാര്‍ ഇതില്‍ കയറുക. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നുണ്ട്. കൂടാതെ പാദരക്ഷകള്‍ ഉപയോഗിക്കാറുമില്ല. എന്നാല്‍ ഫോട്ടോഷൂട്ട് നടത്തിയ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയത്.

അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ അസഭ്യവര്‍ഷം നടത്തിയതിനെതിരെ സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയുമായി മുന്നോട്ട് പോകുമെന്നും നിമിഷ അറിയിച്ചു.