തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പുതിയ മാര്‍ഗരേഖ അവതരിപ്പിച്ചതിനെതിരെ മുതിര്‍ന്ന നേതാക്കള്‍ക്ക് അമര്‍ഷമെന്ന് റിപ്പോര്‍ട്ട്. മാര്‍ഗരേഖകള്‍ തയാറാക്കിയത് കൂടിയാലോചനകള്‍ ഇല്ലാതെയെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
പാര്‍ട്ടിയില്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടത് കെ പി സി സി എക്‌സിക്യൂട്ടീവ് സമിതിയാണ്. പുനഃസംഘടന പൂര്‍ത്തിയാക്കാതെ നയപരമായ തീരുമാനങ്ങള്‍ എങ്ങനെ എടുത്തെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ഉന്നയിക്കുന്ന ചോദ്യം.
നേതൃത്വത്തിന്റെ തീരുമാനം തെറ്റെന്നും രാഷ്ട്രീയ സമിതി നോക്കുകുത്തിയെന്നും മുതിര്‍ന്ന നേതാക്കള്‍ വിമര്‍ശിക്കുന്നുണ്ട്, തീരുമാനങ്ങള്‍ എടുക്കാന്‍ ഡി സി സി അധ്യക്ഷന്‍മാര്‍ക്ക് അധികാരമില്ലെന്നും, നയപരമായ കാര്യങ്ങളില്‍ കൂടിയാലോചനകള്‍ അനിവാര്യമാണെന്നും മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു.
നേരത്തെ, പുതിയ നേതൃത്വത്തിനു കീഴില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ മാര്‍ഗരേഖയും അവതരിപ്പിച്ചിരുന്നു. പാര്‍ട്ടി കേഡര്‍മാര്‍ക്ക് പ്രതിമാസ ഇന്‍സെന്റീവ് നല്‍കും. വ്യക്തിപരമായി ആരും ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ വയ്ക്കരുത്, സ്റ്റേജില്‍ നേതാക്കളെ കുത്തി നിറക്കരുത് തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ഇതിനൊപ്പം തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ജില്ലാ തലങ്ങളില്‍ സമിതി ഉണ്ടാക്കാനുളള നിര്‍ദ്ദേശവും മാര്‍ഗ രേഖയിലുണ്ട്. പുതിയ ഡി സി സി പ്രസിഡന്റുമാരുടെ ശില്‍പ്പശാലയിലാണ് മാര്‍ഗരേഖ അവതരിപ്പിച്ചത്.
നാട്ടിലെ പൊതു പ്രശ്‌നങ്ങളില്‍ പ്രാദേശിക നേതാക്കള്‍ സജീവമായി ഇടപെടണം, വ്യക്തി വിരോധം കൊണ്ട് ആരെയും കമ്മിറ്റികളില്‍ നിന്നും ഒഴിവാക്കരുത്, ബൂത്തുതല നേതാക്കള്‍ക്ക് വരെ ഇടയ്ക്കിടെ പരിശീലനം നല്‍കും, നേതാക്കളെ പാര്‍ട്ടി പരിപാടിക്ക് വിളിക്കുമ്പോള്‍ ഡിസിസി അനുവാദം നിര്‍ബന്ധം, ഡി സി സി ഓഫീസുകളില്‍ സന്ദര്‍ശക രജിസ്റ്റര്‍ നിര്‍ബന്ധം, ബൂത്ത് കമ്മിറ്റികളുടെ പ്രവര്‍ത്തനം ആറു മാസം കൂടുമ്‌ബോള്‍ വിലയിരുത്തും തുടങ്ങിയ നിര്‍ദ്ദേശങ്ങളും മാര്‍ഗരേഖയിലുണ്ട്.

