തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ നിക്ഷേപകര്‍ 200 കോടി പിന്‍വലിച്ചത് അന്വേഷിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ചെറിയ കാലയളവിനിടയില്‍ കനത്ത നിക്ഷേപം പിന്‍വലിച്ചതിനു പിന്നില്‍ ഭരണസമിതിക്ക് പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം. ബാങ്ക് പ്രതിസന്ധിയിലേക്ക് പോകുന്ന കാര്യമറിഞ്ഞ് ഭരണസമിതിയംഗങ്ങള്‍ അടുപ്പക്കാരോട് പണം പിന്‍വലിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍
2015-16 സാമ്പത്തികവര്‍ഷം 501 കോടിയുടെ നിക്ഷേപമുണ്ടായിരുന്നു കരുവന്നൂര്‍ ബാങ്കില്‍. 2016-17-ല്‍ നിക്ഷേപം 424 കോടിയായി. 77 കോടിയാണ് ആ വര്‍ഷം പിന്‍വലിച്ചത്. 2017-18-ല്‍ നിക്ഷേപം 405 കോടിയായും അടുത്ത വര്‍ഷം 340 കോടിയായും കുറഞ്ഞു. 104 കോടിയുടെ തട്ടിപ്പുനടന്നെന്ന് സഹകരണവകുപ്പ് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്ത അവസാനത്തെ സാമ്പത്തികവര്‍ഷം നിക്ഷേപം 301 കോടിയായിരുന്നു. എന്നാല്‍, അഞ്ചുവര്‍ഷത്തില്‍ 200 കോടിയാണ് പിന്‍വലിച്ചത്.
നിക്ഷേപം പൂര്‍ണമായും പിന്‍വലിച്ചവരും വലിയ നിക്ഷേപമുണ്ടായിരുന്നവരില് വലിയ വിഹിതം പിന്‍വലിച്ചവരുമായ ഇടപാടുകാരെ കണ്ടെത്തി അവര്‍ക്ക് ഭരണസമിതിയംഗങ്ങളുമായുള്ള ബന്ധം കണ്ടെത്തും. സി.പി.എം. ഭരിച്ചിരുന്ന ബാങ്ക് പ്രതിസന്ധിയിലാണെന്ന കാര്യം പാര്‍ട്ടിതലത്തില്‍ അറിഞ്ഞ് ആ വഴിക്കും നിക്ഷേപകരെ സഹായിച്ച പാര്‍ട്ടി നേതാക്കളെയും കണ്ടെത്തും. സാധാരണക്കാരായ നിക്ഷേപകര്‍ക്ക് പണം തിരിച്ചുകിട്ടാതാകുംവിധം ബാങ്കിനെ എത്തിച്ചത് 200 കോടിയുടെ നിക്ഷേപം അഞ്ചുവര്‍ഷത്തില്‍ പിന്വലിച്ചതിനാലാണെന്നും റിപ്പോര്‍ട്ടുണ്ട്. കടുത്ത പ്രതിസന്ധിയിലായ ബാങ്കില്‍നിന്ന് ഇപ്പോള്‍ നിക്ഷേപകര്‍ക്ക് ഒരാഴ്ചയില്‍ ഒരു തവണ മാത്രം പരമാവധി 10,000 രൂപയേ പിന്‍വലിക്കാനാകൂ എന്ന വ്യവസ്ഥ വെച്ചിട്ടുണ്ട് ഇപ്പോള്‍.

