പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് ബുക്ക് ചെയ്യുന്നവരില്‍ നിന്നും പണം ഈടാക്കാനൊരുങ്ങി ദേവസ്വം. വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്ത തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ദേവസ്വം ബോര്‍ഡ് പുതിയ രീതി പരീക്ഷിക്കുന്നത്.
ബുക്ക് ചെയ്യുന്ന എല്ലാവരില്‍ നിന്നും നിശ്ചിത തുക ഫീസായി വാങ്ങാനും ദര്‍ശനം നടത്തിക്കഴിയുമ്പോള്‍ ഓണ്‍ലൈനായി മടക്കി നല്‍കാനുമാണ് ബോര്‍ഡ് ആലോചിക്കുന്നത്. ബുക്ക് ചെയ്തിട്ട് ദര്‍ശനം നടത്താത്തവരുടെ തുക നഷ്ടമാകും. ഇത് ദേവസ്വം ബോര്‍ഡിന്റെ ഫണ്ടിലേക്കു മാറ്റും. ബുക്ക് ചെയ്ത ശേഷം ദര്‍ശനത്തിന് എത്താതിരിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് പുതിയവഴികളുമായി ദേവസ്വം രംഗത്തെത്തിയിരിക്കുന്നത്.
വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തിട്ട് വരാതിരിക്കുന്നത്, ദര്‍ശനം ആഗ്രഹിക്കുന്നവരുടെ അവസരം നഷ്ടപ്പെടുത്തുകയാണ്. അതുകൊണ്ടാണ് ഫീസ് ഏര്‍പ്പെടുത്തണമെന്ന അഭിപ്രായം ഉയര്‍ന്നത് എന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു അറിയിച്ചു.
എന്നാല്‍, ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് അംഗീകാരം തേടേണ്ടതുണ്ട്. കഴിഞ്ഞ മാസങ്ങളിലെ പൂജകള്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ഒരു ദിവസം 10,000 പേര്‍ക്ക് ദര്‍ശനം അനുവദിച്ചിരുന്നു. എന്നാല്‍, രണ്ടായിരത്തോളം ആളുകളേ എത്തിയിരുന്നുള്ളൂ.

