തിരുവനന്തപുരം: റേഷൻ സാധനങ്ങളുമായി ഇനി കെഎസ്ആർടിബസ് ഓടിയെത്തും. കയ്യിൽ റേഷൻ കാർഡുള്ളവർക്കെല്ലാം ഈ ബസ് കൈകാണിച്ച് നിർത്താം. ബാക്കി കാര്യങ്ങളെല്ലാം റേഷൻ കടകളിലുള്ളതു പോലെ തന്നെ ആയിരിക്കും. റേഷൻ കാർഡ് കാണിച്ച് അരിയും മണ്ണെണ്ണയുമെല്ലാം ഈ ബസിൽ നിന്നും വാങ്ങാം. കഴിഞ്ഞ ഓണത്തിന് ആദിവാസി ഊരുകളിൽ റേഷൻ സാധനങ്ങൾ വാഹനങ്ങളിൽ എത്തിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഈ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. പൊതുവിതരണ വകുപ്പും ഗതാഗതവകുപ്പും ഇക്കാര്യം സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ട്.
റേഷൻകടയ്ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയാകും സിവിൽ സപ്ലൈസ് വകുപ്പിന് കെ.എസ്.ആർ.ടി.സി ബസ് കൈമാറുക. സമീപത്ത് റേഷൻ കട ഇല്ലാത്ത പ്രദേശങ്ങളിലേക്കായിരിക്കും റേഷൻ ബസ് സർവ്വീസ് നടത്തുക. ആദ്യഘട്ടത്തിൽ മലയോര പ്രദേശങ്ങളിലും തുടർന്ന് തീരപ്രദേശങ്ങളിലും റേഷൻ ബസെത്തും. മൊബൈൽ റേഷൻ കടകൾ ഓടുമ്പോൾ തങ്ങളുടെ കച്ചവടം പൂട്ടിപ്പോകുമെന്ന് റേഷൻ കടക്കാർ പേടിക്കേണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്.
കമ്മിഷൻ അതത് ലൈസൻസികൾക്കു തന്നെ ലഭിക്കും. വണ്ടി എത്തുന്ന പ്രദേശത്തെ കടയുമായി പ്രവർത്തനത്തെ ബന്ധിപ്പിക്കും. അവിടത്തെ സെയിൽസ്മാൻ കൂടി ബസിൽ കയറി പോകണം. മൊബൈൽ റേഷൻ കടകൾക്കു വേണ്ടി പ്രത്യേകം ലൈസൻസി ഉണ്ടാവില്ല. റേഷൻ കടകളുമായി ബന്ധിപ്പിക്കാൻ കഴിയാത്ത പ്രദേശങ്ങളിൽ സപ്ലൈകോയുടെ ലൈസൻസുമായി ബന്ധിപ്പിച്ചാകും വിൽപ്പന നടത്തുന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. മുഴുവൻ പേരും റേഷൻ വാങ്ങുന്നതിനു വേണ്ടിയാണ് ബസ് പദ്ധതി നടപ്പിലാക്കാൻ തയ്യാറെടുക്കുന്നത്. റേഷൻകടക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് ഇത് നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

