ആത്മാഭിമാനത്തിന് മുറിവേറ്റപ്പോഴാണ് പ്രതികരിച്ചത്; എംഎസ്എഫ് നേതാക്കൾക്കെതിരായ പരാതി പിൻവലിക്കില്ലെന്ന് ഹരിത നേതാവ്

മലപ്പുറം: ലൈംഗികാധിക്ഷേപം നടത്തിയ എംഎസ്എഫ് നേതാക്കൾക്കെതിരായ പരാതിയിലെ നിയമ നടപടികൾ തുടരുമെന്ന് ഹരിത നേതാവ് മുഫിദ തെസ്നി. ആത്മാഭിമാനത്തിന് മുറിവേറ്റപ്പോഴാണ് പ്രതികരിച്ചതെന്നും മുഫിദ തെസ്‌നി വ്യക്തമാക്കി. വനിത കമ്മീഷനെ സമീപിച്ചത് ഭരണഘടനാപരമായ അവകാശമാണ്. അതിനെ അച്ചടക്ക ലംഘനമായി കണക്കാക്കാനാകില്ലെന്ന് മുഫിദ പറഞ്ഞു. എംഎസ്എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മിഷനിൽ നൽകിയ പരാതി പിൻവലിക്കാൻ അന്ത്യശാസനം നൽകിയിട്ടും ചെയ്യാത്തതിനെ തുടർന്ന് മുസ്ലിംലീഗ് ഹരിത പിരിച്ചുവിട്ടിരുന്നു. അച്ചടക്കലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ലീഗ് നേതൃത്വം ഹരിതയെ പിരിച്ചുവിട്ടത്. ഇതിന് പിന്നാലെയാണ് മുഫിദയുടെ പ്രതികരണം.

എംഎസ്എഫിനെതിരായ പോരാട്ടം ലീഗ് പ്രത്യയശാസ്ത്രത്തിന് എതിരല്ല. വനിത കമ്മിഷനിൽ നൽകിയ പരാതി പിൻവലിക്കില്ല. നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. പിരിച്ചുവിട്ടതിന് എതിരെ കോടതിയെ സമീപിക്കുമെന്നാണ് ഹരിത നേതാക്കൾ വ്യക്തമാക്കുന്നത്. അതേസമയം പാർട്ടിയിൽ സ്ത്രീപുരുഷ ഭേദമില്ലെന്നും എല്ലാവരേയും ഒന്നായി കാണുന്നതാണ് പാർട്ടിയുടെ രീതിയെന്നും എം കെ മുനീർ വ്യക്തമാക്കി. ഹരിതക്കെതിരായ നടപടി പൊതുസമൂഹം പല തരത്തിൽ ചർച്ച ചെയ്തേക്കാം. ഹരിത വിഷയത്തിൽ വിശദമായ ചർച്ചയ്ക്ക് ശേഷം ഒറ്റക്കെട്ടായാണ് പാർട്ടി തീരുമാനമെടുത്തത്. താൻ ഉൾപ്പെടെയുള്ളവരടങ്ങിയ സമിതിയാണ് തീരുമാനിച്ചത്. അതിലിനി തനിക്കൊന്നും പറയാനില്ല. ഹരിത പിരിച്ചുവിട്ടത് അന്തിമതീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി കെ നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി. അബ്ദുൾ വഹാബും നടത്തിയ ലൈംഗീക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് വനിതാ വിഭാഗമായ ഹരിതയുടെ 10 നേതാക്കൾ പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചത്.