ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ എന്നും എതിർക്കുന്ന പാർട്ടിയാണ് സിപിഎം; കെടി ജലീലിന് പിന്തുണ ലഭിക്കുന്നില്ല എന്നത് മാദ്ധ്യമ പ്രചാരണം മാത്രമെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ എന്നും എതിർക്കുന്ന പാർട്ടിയാണ് സി പി എമ്മെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കെ ടി ജലീലിന് സി പി എമ്മിന്റെ പിന്തുണ ലഭിക്കുന്നില്ല എന്നത് മാദ്ധ്യമ പ്രചാരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ വിരുദ്ധതയാണ് മുസ്ലിം ലീഗിന്റെ മുഖമുദ്ര. ആലങ്കാരികമായി സ്ത്രീകൾക്ക് പദവി നൽകുകയെന്നതാണ് ലീഗിന്റെ സമീപനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം എആർ നഗർ ബാങ്ക് ക്രമക്കേടിൽ ഇ ഡി അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ് ജലീലിനെ വിളിപ്പിച്ചത്. പ്രസ്താവന നടത്തുമ്പോൾ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജലീലിനോട് ആവശ്യപ്പെട്ടതായാണ് വിവരം.

ആർ നഗർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സമെന്റ് മുമ്പാകെ ജലീൽ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നൽകിയതിനെ മുഖ്യമന്ത്രി തള്ളിയിരുന്നു. ഇക്കാര്യം എൻഫോഴ്‌സ്‌മെന്റ് അല്ല അന്വേഷിക്കേണ്ടതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണവുമായി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ലെന്നും ജലീൽ പറഞ്ഞു.