പ്രധാനമന്ത്രിയുടെ ഉറപ്പ്; ചരിത്രം തിരുത്തി കേരളത്തിലെ സൈനിക സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്കായി വാതില്‍ തുറന്നു !

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളത്തിലെ സൈനിക സ്‌കൂളില്‍ പ്രവേശനം നേടി പെണ്‍കുട്ടികള്‍. കേരളത്തിലെ ഏക സൈനിക സ്‌കൂളായ കഴക്കൂട്ടം സൈനിക സ്‌കൂളിലാണ് പ്രവേശന പരീക്ഷ വിജയിച്ച പെണ്‍കുട്ടികള്‍ക്ക് ആദ്യമായി പ്രവേശനം നല്‍കിയത്. 1962 ല്‍ സ്ഥാപിതമായതിനു ശേഷം ആദ്യമായാണ് സൈനിക സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയത്.

കേരളത്തില്‍ നിന്നുള്ള 7 പെണ്‍കുട്ടികളേയും ബിഹാറില്‍ നിന്നുള്ള 2 പെണ്‍കുട്ടികളേയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയേയും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്‌പെഷ്യല്‍ അസംബ്ലിയില്‍ ആദ്യ ബാച്ചിലേക്ക് കഴക്കൂട്ടം സൈനിക സ്‌കൂള്‍ സ്വാഗതം ചെയ്തു. പ്രിന്‍സിപ്പല്‍ കേണല്‍ ധീരേന്ദ്ര കുമാര്‍ കുട്ടികളെ അഭിസംബോധന ചെയ്തു. പെണ്‍കുട്ടികളെ വരവേല്‍ക്കുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷമായി സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും പുതിയ വീടിന്റെയും ഡോര്‍മിട്ടറിയുടേയും നിര്‍മ്മാണം ഈ അക്കാദമിക് വര്‍ഷത്തിനു മുന്‍പ് തന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ 75-ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ രാജ്യത്തെ 33 സൈനിക സ്‌കൂളുകളിലും ഈ അക്കാദമിക് വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ഉറപ്പാക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്ന് രാജ്യത്തെ സൈനിക സ്‌കൂളുകളില്‍ 10 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കായി മാറ്റി വെച്ചിട്ടുണ്ട്.