ശത്രുക്കളുടെ കെണിയില്‍ വീഴരുത്, സിപിഎം പ്രവര്‍ത്തിക്കുന്നത് സംഘപരിവാറുമൊത്ത്, കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ഇറങ്ങുകയാണെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: അധികാരത്തിലുള്ള കോണ്‍ഗ്രസിനേക്കാള്‍ പതിന്മടങ്ങ് ശക്തമാണ് പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. രണ്ടു ശത്രുക്കളെ ഒരേസമയം നേരിടാന്‍ നമുക്കു ശക്തിയുണ്ട്, എന്നാല്‍ നമ്മുടെ ഇടയില്‍ വിള്ളല്‍ വീഴ്ത്തി ദുര്‍ബലപ്പെടുത്താനാണ് ശത്രുക്കള്‍ ശ്രമിക്കുന്നത്, അത്തരം കെണിയില്‍ വീഴാതിരിക്കാന്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ജാഗ്രത കാട്ടണമെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. ഡിസിസി പ്രസിഡന്റുമാര്‍ക്കായി കെപിസിസി സംഘടിപ്പിച്ച ശില്‍പ്പശാല നെയ്യാര്‍ഡാം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവര്‍ത്തനത്തിലും സമീപനത്തിലും അടിമുടി മാറ്റംവരുത്തി ജനങ്ങളിലേക്കും പ്രക്ഷോഭപാതയിലേക്കും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ഇറങ്ങുകയാണെന്നും, സംഘപരിവാറുമായി സന്ധി ചെയ്താണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. പരസ്പര സഹായസംഘമായാണ് അവരുടെ പ്രവര്‍ത്തനം. അധികാരം നിലനിര്‍ത്താന്‍ ഹീനതന്ത്രം മെനയുകയാണ് സി പി എം. രണ്ടു കൂട്ടരേയും ജനമധ്യത്തില്‍ തുറന്നു കാട്ടി തൊലിയുരിക്കാനുള്ള അവസരമാണ് നമ്മുടെ മുന്നിലുള്ളത്. അതിനുള്ള എല്ലാ തയാറെടുപ്പുകളും നടന്നുവരുന്നു. ജനങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന പ്രവര്‍ത്തന ശൈലിയാണ് നാം സ്വീകരിക്കേണ്ടതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല, കോണ്‍ഗ്രസിന്റെ തകര്‍ച്ച രാഷ്ട്രീയ എതിരാളികള്‍ പോലും ആഗ്രഹിക്കുന്നില്ലെന്നും, നമ്മുടെ പോരായ്മകള്‍ കണ്ടെത്തിക്കഴിഞ്ഞു, അതിനുള്ള പരിഹാരങ്ങള്‍ ആരംഭിച്ചു, ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്, നേതാക്കള്‍ക്ക് അവരുടെ അഭിപ്രായവും പ്രയാസവും പറയാനും അതിനെല്ലാം പരിഹാരം കാണാനുമാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്, ഒരാള്‍പോലും പരിധിവിട്ടുപോകരുത് എന്നാണ് തന്റെ ആഗ്രഹമെന്നും സുധാകരന്‍ അറിയിച്ചു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എം പി, പി ടി തോമസ് എം എല്‍ എ, ടി സിദ്ധിഖ് എം എല്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.