തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി അനുഭവിക്കുന്ന അയൽക്കൂട്ടങ്ങൾക്ക് സഹായ ഹസ്തവുമായി സർക്കാർ. കുടുംബശ്രീയുടെ കീഴിലുള്ള 19,489 എഡിഎസുകൾക്കും അട്ടപ്പാടിയിലെ 133 ഊരുസമിതികൾക്കും ഒരു ലക്ഷം രൂപ വീതം റിവോൾവിങ് ഫണ്ട് നൽകാൻ സർക്കാർ തീരുമാനിച്ചു. 196.22 കോടി രൂപയാണ് സർക്കാർ ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്.
സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണു പദ്ധതി നടപ്പാക്കുന്നത്. റിവോൾവിങ് ഫണ്ട് ലഭ്യമാക്കുന്നതിന് അർഹതയുള്ള അയൽക്കൂട്ടങ്ങളെ കണ്ടെത്താൻ പ്രത്യേക മാനദണ്ഡങ്ങളാണ് സർക്കാർ നിഷ്കർഷിച്ചിരിക്കുന്നത്. മാനദണ്ഡങ്ങൾ അനുസരിച്ച് അയൽക്കൂട്ടങ്ങളെ കണ്ടെത്തുന്നതിനും എത്ര രൂപ റിവോൾവിങ്ങ് ഫണ്ട് ഇനത്തിൽ അനുവദിക്കണമെന്ന ശുപാർശ ഉൾപ്പെടെയുള്ള പ്രപ്പോസൽ എഡിഎസുകൾ അതത് സിഡിഎസുകൾക്ക് സമർപ്പിക്കും.
ഓരോ എഡിഎസിനും ഫണ്ട് ഇനത്തിൽ ഒരു ലക്ഷം രൂപയാണ് ലഭിക്കുന്നത്. അയൽക്കൂട്ടങ്ങളുടെ വായ്പാ പ്രവർത്തനങ്ങൾക്ക് ഇത് ഏറെ സഹായകരമാകുമെന്നാണു വിലയിരുത്തപ്പെടുന്നത്. അയൽക്കൂട്ടങ്ങളുടെ വായ്പാ തിരിച്ചടവിന്റെ കൃത്യതയും കാര്യക്ഷമതയും പരിഗണിച്ച് ഒരു അയൽക്കൂട്ടത്തിനു കുറഞ്ഞത് 10,000 മുതൽ 20,000 രൂപ വരെയാണ് എഡിഎസ് അനുവദിക്കുന്നത്.

