ഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുക്കുന്ന നാല് ആപ്പുകള്‍ ഉപയോഗിക്കുന്നതിനെതിരെയാണ് എസ്ബിഐ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനിടയില്‍ ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത 150 എസ്ബിഐ ഉപഭോക്താക്കള്‍ക്ക് 70 ലക്ഷം രൂപയിലധികം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
ദിനം പ്രതി ഇത്തരം കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് എസ്ബിഐ ഉപഭോക്താക്കള്‍ നാല് ആപ്ലിക്കേഷനുകള്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. Anydesk, Quick Support, Teamviewer, Mingleview എന്നീ ആപ്ലിക്കേഷനുകള്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്.
മാത്രമല്ല, അജ്ഞാതമായ ഉറവിടങ്ങളില്‍ നിന്നുള്ള യുപിഐ അഭ്യര്‍ത്ഥനയോ ക്യുആര്‍ കോഡോ സ്വീകരിക്കരുതെന്നും, നിരവധി വ്യാജ വെബ്സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഹെല്‍പ്പ് ലൈനോ കസ്റ്റമര്‍ കെയര്‍ നമ്പറോ തിരയുമ്പോള്‍ അജ്ഞാത വെബ്സൈറ്റുകള്‍ ഉപയോഗിക്കരുതെന്നും എസ്ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂടാതെ, എല്ലാ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ശേഷം, ഉപഭോക്താവിന് ഒരു എസ്എംഎസ് അയയ്ക്കും. അവര്‍ ഇടപാട് നടത്തിയില്ലെങ്കില്‍, എസ്എംഎസില്‍ നല്‍കിയിരിക്കുന്ന നമ്പറില്‍ അവര്‍ ആ സന്ദേശം കൈമാറണം.
തട്ടിപ്പിനിരയായാല്‍ എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് 1800111109, 9449112211, 08026599990 എന്നീ കസ്റ്റമര്‍ കെയര്‍ നമ്പറുകളില്‍ ബന്ധപ്പെടാം. 155260 എന്ന നമ്പറില്‍ ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ പരാതി നല്‍കാനും കഴിയും.

