ന്യൂഡല്‍ഹി: താലിബാന് ഭരണം കീഴടക്കിയ അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ മടക്കിയെത്തിക്കാനുള്ള ദൗത്യം പുനരാരംഭിക്കാനൊരുങ്ങി കേന്ദ്രം. ‘ഓപ്പറേഷന് ദേവി ശക്തി’ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തു.
രാജ്യാന്തര വിമാനസര്‍വീസ് തുടങ്ങുന്നതിനനുസരിച്ച് ഈ ആഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ ദൗത്യം പുനരാരംഭിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
കാബൂള്‍ വിമാനത്താവളം അടച്ചതിനെ തുടര്‍ന്നാണ് ഇന്ത്യക്കാരെ മടക്കിയെത്തിക്കാനുളള രക്ഷാദൗത്യം ഇന്ത്യ നിര്‍ത്തിവച്ചത്. അഫ്ഗാനില്‍ നിന്ന് എത്തിക്കുന്നവര്‍ക്കുളള ക്വാറന്റൈന് സൗകര്യമടക്കം ഒരുക്കണമെന്ന് ഐടിബിപിയ്ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഇനിയും 300ഓളം പേരെയാണ് ഇന്ത്യയിലേക്ക് തിരികെയെത്തിക്കാനുളളത്.

