അറപ്പും ഭയവും മാത്രം; ഒസാമ ബിൻ ലാദന്റെ പ്രവൃത്തികളിൽ സമൂഹത്തോട് മാപ്പപേക്ഷിച്ച് മകൻ ഒമർ ബിൻ ലാദൻ

പാരിസ്: ഒസാമ ബിൻ ലാദന്റെ പ്രവൃത്തികളിൽ സമൂഹത്തോട് മാപ്പപേക്ഷിച്ച് മകൻ ഒമർ ബിൻ ലാദൻ. തന്റെ പിതാവിനോടും അയാൾ നടത്തിയ കുറ്റകൃത്യങ്ങളോടും തനിക്ക് അറപ്പും ഭയവും മാത്രമാണുള്ളതെന്നും ഒമർ പറയുന്നത്. ഇസ്രഈലി ദിനപ്പത്രമായ യെദോയിത് അഹ്‌റോനത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഒസാമ ബിൻ ലാദന്റെ ആൺമക്കളിൽ ഏറ്റവും ഇളയവനാണ് ഒമർ. ലോകത്തുള്ളവരെല്ലാം ഒന്നായി കഴിയണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് ഒമർ പറയുന്നത്. വ്യത്യസ്ത മതങ്ങളിൽ പെട്ടവർ അയൽക്കാരായി സമാധാനത്തിൽ കഴിയുന്ന ലോകമാണ് നമുക്ക് വേണ്ടതെന്നാണ് ഒമറിന്റെ നിലപാട്. അൽ-ഖ്വയ്ദയുടെ തലപ്പത്തേക്ക് വരാനുള്ള അവസരം ലഭിച്ചിരുന്നെങ്കിലും താൻ അത് നിഷേധിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം മക്കളെ സ്‌നേഹിക്കുന്നതിനേക്കാൾ കൂടുതൽ തന്റെ പിതാവ് അദ്ദേഹത്തിന്റെ ശത്രുക്കളെ വെറുത്തു. തന്റെ ജീവിതം മുഴുവൻ ഞാൻ പാഴാക്കി കളയുകയായിരുന്നല്ലോ എന്നോർക്കുമ്പോൾ ഞാനെന്തൊരു വിഡ്ഢിയാണെന്ന് തോന്നാറുണ്ട്. ഞാനതെല്ലാം ഉപേക്ഷിച്ചു പോരുമെന്ന് തനിക്ക് അന്നുതന്നെ തോന്നിയിരുന്നുവെന്നും ഒമർ മാദ്ധ്യമത്തോട് പറഞ്ഞു.

2001 സെപ്റ്റംബർ 11 ന് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കപ്പെട്ടതോടെയാണ് തനിക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്. ഇത്തരമൊരു ആക്രമണം സംഘടിപ്പിക്കാനുള്ള കഴിവ് പിതാവിനുണ്ടെന്ന് താൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ആ ദിവസമാണ് തന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചതെന്നും നഷ്ടങ്ങളുടെയും വേദനകളുടെ വർഷങ്ങൾക്കു ശേഷം പിതാവിനെ കുറിച്ച് ശരിയായ തിരിച്ചറിവ് ഉണ്ടായത് അപ്പോഴായിരുന്നുവെന്നും ഒമർ വിശദമാക്കി. പിതാവ് യുദ്ധത്തിനിടയിൽ നിരവധി പേരെ കൊന്നിട്ടുണ്ടാകാം. ആളുകളെ കൊല്ലുന്നതിലൂടെ എന്തെങ്കിലും സന്തോഷമോ വേദനയോ അദ്ദേഹം അനുഭവിച്ചിരിക്കാൻ സാധ്യതയില്ല. ബിൻ ലാദൻ എന്ന കുടുംബപ്പേര് തനിക്ക് ഭാരമാണ്. ഉസാമ ബിൻ ലാദൻ സൗദി പൗരനായിരുന്നതിനാൽ അറബ് ലോകത്തുള്ളവർക്ക് തന്നെ ഭയവും വെറുപ്പുമാണെന്നും ഒമർ അഭിപ്രായപ്പെട്ടു.

യൂറോപ്യൻ രാജ്യങ്ങളിലും പടിഞ്ഞാറൻ രാജ്യങ്ങളിലും അത് അത്രവലിയ പ്രശ്‌നമായി അനുഭവപ്പെടാറില്ല. ഉസാമയുടെ മകനായതിനാൽ ഞാനും അദ്ദേഹത്തെ പോലെയാണെന്നാണ് അറബ് രാജ്യങ്ങൾ കരുതുന്നതെന്നും എന്നാൽ താൻ ഒരിക്കലും അദ്ദേഹത്തെ പോലെയല്ലെന്നും ഒമർ വ്യക്തമാക്കുന്നു. പിതാവ് നല്ലതോ ചീത്തയോ ആകാം. എന്നാൽ ആ രീതിയിൽ മക്കളെ കാണുന്നത് ശരിയല്ലെന്നും അദ്ദേഹം അറിയിച്ചു.