കൊച്ചി: ലൈസൻസില്ലാതെ സുരക്ഷാ ഏജൻസികൾ കൈവശം വെച്ചിരുന്ന തോക്കുകൾ പിടികൂടിയ സംഭവത്തിൽ കേസെടുത്ത് കളമശേരി പൊലീസ്. ആയുധ നിരോധന നിയമപ്രകാരമാണ് കേസ്. എസ്എസ്വി സെക്യൂരിറ്റി സ്ഥാപനത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ലൈസൻസില്ലാത്ത 19 തോക്കുകളാണ് പോലീസ് പിടികൂടിയത്. ജമ്മു കശ്മീരിൽ നിന്നാണ് തോക്കുകൾ കൊണ്ടുവന്നതെന്നാണ് റിപ്പോർട്ട്.
എടിഎമ്മിൽ പണം നിക്ഷേപിക്കുന്നതിന് ചുമതലയുളള സിസ്കോ എന്ന സ്വകാര്യ ഏജൻസിക്കു വേണ്ടിയാണ് തോക്കുകൾ കൊണ്ടുവന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിൽ 5 തോക്കുകൾ പിടികൂടിയിരുന്നു. ഇതിന് തുടർച്ചയായി കൊച്ചിയിൽ നടത്തിയ റെയ്ഡിലാണ് 19 എണ്ണം കൂടി പിടിച്ചെടുത്തത്. ഇതിന്റെ രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.
രജൗരിയിൽ നിന്ന് കൊണ്ടുവന്ന തോക്കുകൾ കൊച്ചിയിൽ ഉപയോഗിക്കുമ്പോൾ ഇവിടുത്തെ എഡിഎമ്മിന്റെ അനുമതി കൂടി ആവശ്യമാണ്. എന്നാൽ ഇത്തരം രേഖകളൊന്നും ഇത് കൈവശം വച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കൽ ഉണ്ടായിരുന്നില്ല. തുടർന്നാണ് കശ്മീർ സ്വദേശികളടക്കമുളള തോക്ക് കൈവശം വെച്ച സുരക്ഷാ ജീവനക്കാർക്ക് എതിരെ കേസെടുത്തിരിക്കുന്നത്.
എടിഎമ്മിൽ പണം നിറയ്ക്കുന്നതിന് ചുമതലയുളള സിസ്കോ എന്ന സ്ഥാപനത്തിന് ഈ സുരക്ഷാ ജീവനക്കാരെ എത്തിച്ചത് മറ്റൊരു സ്വകാര്യ സ്ഥാപനമാണെന്ന് പോലീസ് കണ്ടെത്തി. ഈ സ്വകാര്യ സ്ഥാപനത്തിനെതിരെയും കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

