കാബൂള്‍: താലിബാന്‍ ഭീകരര്‍ അഫ്ഗാനില്‍ ഭരണം പിടിച്ചെടുത്ത പിന്നാലെ വന്ന പാക്കിസ്ഥാന്‍ ഭരണകക്ഷി നേതാവിന്റെ ടി വി അഭിമുഖം ഇന്ത്യയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫിന്റെ നേതാവായ നീലം ഇര്‍ഷാദ് ഷെയ്ഖാണ് താലിബാന്റെ ബലത്തില്‍ പുതിയ പ്രഖ്യാപനം നടത്തിയത്. താലിബാന്‍ മുസ്ലീങ്ങള്‍ക്കൊപ്പമാണെന്നും അധികം വൈകാതെ കാശ്മീരിനെ ഇന്ത്യയില്‍ നിന്നും മോചിപ്പിക്കാന്‍ അവര്‍ സഹായിക്കും എന്നുമാണ് വനിത നേതാവ് പറഞ്ഞത്.
പാക് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും വന്ന പ്രസ്താവന പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ മനസ്സിലിരുപ്പ് തുറന്നുകാട്ടുന്നതാണ് എന്നാണ് അഫ്ഗാനിസ്ഥാനിലെ മുന്‍ കനേഡിയന്‍ അമ്ബാസിഡറായ ക്രിസ് അലക്‌സാന്‍ഡര്‍ പറയുന്നത്. കാര്യമായ അറിവൊന്നുമില്ലാത്ത ഒരു രാഷ്ട്രീയ നേതാവ് സൈനിക ഉദ്യോഗസ്ഥരില്‍ നിന്നോ ഐ എസ് ഐ വൃത്തങ്ങളില്‍നിന്നോ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇറക്കിയ ഒരു പ്രസ്താവനയായി ഇതിനെ തള്ളിക്കളയാന്‍ ആകില്ലെന്നും അദ്ദേഹം പറയുന്നു.
മാത്രമല്ല, അഫ്ഗാനില്‍ കൂടുതല്‍ ഭീകര പരിശീലന ക്യാമ്പുകള്‍ തുറക്കാന്‍ ഐ എസ് ഐയ്ക്ക് കഴിയുകയും, പാക്കിസ്ഥാനിലെ മദ്രസകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന കൂടുതല്‍ പേരെ ഈ വഴിയില്‍ കൊണ്ടുവരാന്‍ ആവുകയും ചെയ്താല്‍ അത് കാശ്മീരില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ഐ എസ് ഐക്ക് സഹായകരമാകും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യാ-പാക് വിഭജനത്തിനു ശേഷം കാശ്മീരില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുവാന്‍ അഫ്ഗാന്‍ വംശജരെ പാക്കിസ്ഥാന്‍ കൂടുതലായി ഉപയോഗിച്ചിട്ടുണ്ട് എന്നത് ഒരു ചരിത്ര സത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ, താലിബാനെ വളര്‍ത്തിക്കൊണ്ടുവന്നതില്‍ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ സംഘടനയായ ഐ എസ് ഐയ്ക്കുള്ള പങ്ക് പല അന്താരാഷ്ട്ര നിരീക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നു.

