നിപ; ആശ്വാസമായി പരിശോധനാ ഫലം, പത്തു പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് !

കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ചു മരിച്ച പന്ത്രണ്ടുക്കാരനുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്ന പത്തു പേരുടെയും ശരീരത്തില്‍നിന്നു ശേഖരിച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവ്. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് പുണെയിലെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ച് പരിശോധിച്ച എട്ട് സാമ്പിളും, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ രണ്ടു പേരുടെ സാമ്പിളുമാണ് നെഗറ്റീവായത്. കുട്ടിയുടെ മാതാപിതാക്കള്‍, ബന്ധുക്കള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.

എല്ലാ ഫലങ്ങളും നെഗറ്റീവ് ആയത് ആശ്വാസകരമായ വാര്‍ത്തയാണെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. നിലവില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്ന 48 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.

കോഴിക്കോട് സ്വദേശികളായ 31 പേര്‍, വയനാട് സ്വദേശികളായ നാല് പേര്‍, മലപ്പുറത്തു നിന്നുള്ള മൂന്ന് പേര്‍, ഒരു എറണാകുളം സ്വദേശി എന്നിങ്ങനെയാണ് ചികിത്സയില്‍ ഉള്ളവര്‍. ഇതോടെ കുട്ടിയുടെ സമ്ബര്‍ക്കപ്പട്ടികയിലുള്ള പത്ത് പേരുടെ ഫലം നെഗറ്റീവായി. ബാക്കിയുള്ളവരുടെ ഫലങ്ങളും ഇന്ന് പരിശോധിക്കും.