മലപ്പുറം: മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ ടി ജലീൽ. മലപ്പുറം എ.ആർ.നഗർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീൽ കുടുതൽ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രം 1,021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നതായാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് ജലീൽ പറഞ്ഞു. എ ആർ നഗർ ബാങ്കിനെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ സ്വിസ് ബാങ്കാക്കി മാറ്റി. തട്ടിപ്പിന്റെ സൂത്രധാരൻ കുഞ്ഞാലിക്കുട്ടിയാണെന്നും ജലീൽ ആരോപിച്ചു.
ബാങ്കിനുണ്ടായ ഭീമമായ നഷ്ടം കുഞ്ഞാലക്കുട്ടിയിൽ നിന്ന് ഈടാക്കണം. പ്രാഥമിക സഹകരണ സംഘം മാത്രമായ എ.ആർ.നഗർ സഹകരണ ബാങ്കിൽ 50,000 ത്തിൽ പരം അംഗങ്ങളും 80,000 ത്തിൽ പരം അക്കൗണ്ടുകളുമാണുള്ളത്. 257 കസ്റ്റമർ ഐഡികളിൽ മാത്രം 862 വ്യജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപണം വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിയും ഹരികുമാറും ചേർന്ന് നടത്തിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അദ്ദേഹത്തിന്റെ കള്ളപ്പണ സൂക്ഷിപ്പുകാരനായ വി.കെ.ഹരികുമാർ കൃത്രിമമായി സൃഷ്ടിച്ചിട്ടുള്ളതാണ് 862 വ്യാജ ബിനാമി അക്കൗണ്ടുകൾ. കഴിഞ്ഞ 10 വർഷത്തിനിടയിൽ മാത്രം 114 കോടിയുടെ അനധികൃത ഇടപാടുകൾ ഇതുവഴി നടന്നതായാണ് അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇൻകം ടാക്സ് വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ 257 കസ്റ്റമർ ഐഡി പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ കള്ളപ്പണ ഇടുപാട് കണ്ടെത്തിയിരിക്കുന്നത്. എആർ നഗർ സഹകരണ ബാങ്കിലെ മുഴുവൻ കസ്റ്റമർ ഐഡിയും പരിശോധിച്ചാൽ, കള്ളപ്പണ ഇടപാടിൽ രാജ്യത്ത് തന്നെ ഞെട്ടിക്കുന്ന പകൽക്കൊള്ളയുടെ ചുരുളഴിയുമെന്ന് അദ്ദേഹം വിശദമാക്കി.
കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിം കുഞ്ഞും കേരളത്തിലെ വ്യവസായ മന്ത്രിമാരായിരിക്കെ പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് കേസ് ഇപ്പോഴും നടന്നുണ്ട്. ടൈറ്റാനിയം അഴിമതിയിലൂടെ ആർജിച്ച പണമാകണം എആർ നഗർ സഹകരണ ബാങ്കിലെ വ്യാജ അക്കൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്നത് എന്നാണ് തീയതിയും വർഷവും പരിശോധിക്കുമ്പോൾ ഒറ്റ നോട്ടത്തിൽ മനസിലാക്കാൻ കഴിയുന്നത്. മലബാർ സിമിന്റ്സ്, കെ.എം.എം.എൽ. തുടങ്ങിയ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ നിന്ന് സമാഹരിക്കപ്പെട്ട തുകയും ഈ ബാങ്കിൽ നിക്ഷേപിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ജലീൽ ചൂണ്ടിക്കാട്ടി.
വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ച് കുഞ്ഞാലിക്കുട്ടിയുടെ മകൻ എആർ നഗർ ബാങ്കിൽ നടത്തിയ മൂന്ന് കോടിയുടെ നിക്ഷേപം ആർബിഐയുടെ അന്വേഷണ പരിധിയിലാണുള്ളത്. മുൻ താനൂർ എംഎൽഎയും ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അബ്ദുൾ റഹ്മാൻ രണ്ടത്താണിയുടെ 50 ലക്ഷം അടക്കം പല ലീഗ് നേതാക്കൾക്കും യഥേഷ്ടം വാരിക്കോരി നൽകിയിട്ടുള്ള അനധികൃത വായിപ്പകളുടേയും ഞെട്ടിക്കുന്ന വിവരങ്ങൾ അന്വേഷണ റിപ്പോർട്ടിൽ വിവരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ കമ്പ്യൂട്ടർ സോഫ്റ്റ്വെയറിൽ കസ്റ്റമർ മേൽവിലാസങ്ങൾ വ്യാപകമായി മായിച്ചുകളഞ്ഞ് കൃത്രിമം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബാങ്കിലെ 12 ജീവനക്കാരുടെ പേരിൽ 6.8 കോടി രൂപയുടെ അനധികൃത നിക്ഷേപമുള്ളതായി അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ടെന്നും ജലീൽ വ്യക്തമാക്കി.
തിരുവനന്തപുരം കസ്റ്റംസ് ഡെപ്യുട്ടി കമ്മീഷണറുടെ നിർദേശ പ്രകാരം സ്വർണ്ണക്കടത്ത് സംബന്ധിച്ച് അക്കൗണ്ട് വിവരങ്ങൾ ലഭ്യമാക്കുന്ന പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ പരിശോധിക്കാൻ എആർ നഗർ ബാങ്കിലെ ഹരികുമാറും സംഘവും സമ്മതിച്ചിരുന്നില്ല. ദേശദ്രോഹ – സ്വർണ്ണ കള്ളക്കടത്ത് സംബന്ധിച്ച് വിവരത്തിലേക്കും ഇത് വിരൽചൂണ്ടുന്നുണ്ട്. രാജ്യത്ത് കള്ളപ്പണ ഇടപാടുകൾ തടയുന്നതിന് വേണ്ടികൊണ്ടുവന്ന ഇൻകം ടാക്സ് നിയമം 269 ടിക്ക് വിരുദ്ധമായിട്ടാണ് എആർ നഗർ ബാങ്കിലെ ഇടപാടുകളെല്ലാം നടന്നിട്ടുള്ളത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രം 1021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ ഈ ബാങ്കിൽ നടന്നതായാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഹരികുമാർ ജോലി ചെയ്ത 40 വർഷത്തെ ഇത്തരം ഇടപാടുകൾ പരിശോധിക്കുകയാണെങ്കിൽ ഭയാനകമാകും പുറത്തുവരുന്ന വസ്തുതകൾ. 2012-13 കാലഘട്ടത്തിൽ 2.5 കോടി രൂപയുടെ സ്വർണ്ണപ്പണയ അഴിമതിയാണ് ബാങ്കിൽ നടന്നതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൾ ഖാദർ മൗലവിയുടെ പേരിൽ മാത്രം വിവിധ കസ്റ്റമർ ഐഡികളിലെ വ്യത്യസ്ത അക്കൗണ്ടുകളിലായി 2 കോടിയോളം രൂപയുടെ നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

